കരുണാകരന്റെ കുടുംബത്തിന് വെള്ളവും വെളിച്ചവും കിടപ്പാടവും

Saturday 28 January 2023 1:07 AM IST

വിഴിഞ്ഞം: കേരളകൗമുദി വാർത്തയെ തുടർന്ന് പുതിയ റേഷൻ കാർഡ് ലഭിച്ചതിന് പിന്നാലെ വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിളാകത്ത് വീട്ടിൽ കരുണാകരന്റെ കുടുംബത്തിന് വെള്ളവും വെളിച്ചവും കിടപ്പാടവും ലഭിച്ചു. റേഷൻ കാർഡുണ്ടായിട്ടും റേഷനില്ലാത്ത മൂന്നംഗ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കിയ മന്ത്രി ജി.ആർ. അനിൽ ഇടപ്പെട്ട് റേഷൻ കാർഡ് അനുവദിച്ചിരുന്നു.

ഇവരുടെ ദുരിത ജീവിതത്തെക്കുറിച്ച് കഴിഞ്ഞ 17നാണ് കേരളകൗമുദി വാർത്ത നൽകിയത്. ദില്ലി കേന്ദ്രമായ സന്നദ്ധ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് കോർപ്‌സ് അധികൃതരെത്തി കരുണാകരന്റെ മാനസിക വൈകല്യമുള്ള ഭാര്യ തുളസിയെയും വർഷങ്ങളായി അരയ്ക്കുതാഴെ ശരീരം തളർന്നുകിടക്കുന്ന മകൻ അനിയെയും ചികിത്സയ്ക്കായി ഇന്നലെ ആശുപത്രിയിലേക്ക് മാറ്റി. സംഘടനയിലെ മജു കുമാറിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർ എസ്. അജിത, ആശാപ്രവർത്തകർ എന്നിവരുടെ സഹായത്തോടെയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

വ്യാഴാഴ്ച രാവിലെ പഞ്ചായത്ത് ജൽ ജീവൻ മിഷൻ നേതൃത്വത്തിൽ ഇവർക്ക് സൗജന്യ കുടിവെള്ള കണക്ഷൻ നൽകി. വൈകിട്ടോടെ താത്കാലിക വൈദ്യുതി കണക്ഷനും ലഭിച്ചു. വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഫിലോകാലിയയിലെ ബ്രദർ മാരിയോ ജോസഫ്, ജിജി മാരിയോ എന്നിവരുടെ നേതൃത്വത്തിൽ 10 ലക്ഷത്തോളം രൂപ ചെലവിൽ ഇവർക്ക് വീട് വച്ചു നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഫിലോകാലിയ പ്രതിനിധികൾ കരുണാകരന്റെ വീട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. രണ്ട് മുറിയും ഒരു ഹാളും അടുക്കളയും ബാത്ത്റൂമും അടങ്ങുന്ന വീട് എത്രയുംവേഗം നിർമ്മിച്ചു നൽകുമെന്നും മരുന്നും ഭക്ഷണവും ലഭ്യമാക്കുമെന്നും ഫിലോ കാലിയ അഡ്മിനിസ്ട്രേഷൻ ഓഫീസർ മാത്തച്ചൻ പറഞ്ഞു. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്.സാജൻ ഇവരുടെ വീട് സന്ദർശിച്ച് കട്ടിലും വീൽച്ചെയറും വാഗ്ദാനം ചെയ്‌തു.