എസ്.പി ഓഫീസ് മാർച്ചിൽ സംഘർഷം , ജലപീരങ്കിയിൽ പതറാതെ വനിതാ കോൺഗ്രസുകാർ

Saturday 28 January 2023 12:28 AM IST
ലഹരിക്കടത്ത് കേസിൽ നഗരസഭ കൗൺസിലർ എ.ഷാനവാസിനേയും സ്ത്രീകളുടെ അശ്ലീല വീഡിയോ വിവാദത്തിൽപ്പെട്ട സി.പി.എം ഏരിയ സെന്റർ അംഗം എ.പി. സോണയേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളകോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തി​ൽ കലാശി​ച്ചപ്പോൾ

ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ നഗരസഭ കൗൺസിലർ എ.ഷാനവാസിനേയും സ്ത്രീകളുടെ അശ്ലീല വീഡിയോ വിവാദത്തിൽപ്പെട്ട സി.പി.എം ഏരിയ സെന്റർ അംഗം എ.പി. സോണയേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളകോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേർക്ക് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പിയടക്കം 20 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

ഇന്നലെ ഉച്ചയോടെ നഗരത്തിൽ നിന്നു പ്രകടനമായെത്തിയ പ്രവർത്തകരെ പൊലീസ് എസ്.പി ഓഫീസിന് സമീപം ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. ഇതിനിടെ, സമീപത്തെ പൊലീസ് ടെലികമ്യൂണിക്കേഷൻ ഓഫീസിലൂടെ അകത്തേക്ക് കയറാനുള്ള പ്രവർത്തകരുടെ നീക്കമാണ് സംഘർഷത്തിലേക്കു നയിച്ചത്. തുടർന്ന് പൊലീസ് ആദ്യറൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് രണ്ടുതവണകൂടി ജലപീരങ്കി പ്രയോഗിച്ചതോടെ സ്ത്രീകൾ റോഡിൽ കുത്തിയിരുന്നു. പിന്നാലെ ജെബി മേത്തർ എം.പിയടക്കമുള്ള നേതാക്കളെയും പ്രവർത്തകരെയും ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

എസ്.പി ഓഫീസിന് മുന്നിൽ നടന്ന ധർണ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ജെബി മേത്തർ എം.പി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ്, നേതാക്കളായ വി.പി.സജീന്ദ്രൻ, എ.എ.ഷുക്കൂർ, ഷാനിമോൾ ഉസ്മാൻ, എം.ലിജു, കെ.പി.ശ്രീകുമാർ, ഷമീന ഷെഫീക്ക്, ബിന്ദു ബൈജു, കുഞ്ഞുമോൾ രാജു, ബീന സക്കറിയ, ബബിത ജയൻ, സുജാജോൺ, ശാന്തകുമാരി, സജിമോൾ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.