സി.ഐ.ടി.യു സമ്മേളനത്തിന്റെ പേരിൽ സി.പി.എമ്മിൽ പുതിയ വിവാദം
ആലപ്പുഴ: ബംഗളുരുവിൽ അടുത്തിടെ നടന്ന സി.ഐ.ടി.യു ദേശീയ സമ്മേളന സ്ഥലത്ത് ആലപ്പുഴയിലെ സി.പി.എം ഏരിയ സെക്രട്ടറിയും പ്രമുഖ കരാറുകാരനും എത്തിയെന്നും സി.ഐ.ടി.യു ഭാരവാഹിയോ സമ്മേളന പ്രതിനിധിയോ ആയിരുന്നില്ല ഈ ഏരിയ സെക്രട്ടറിയെന്നുമുള്ള ആരോപണം ആലപ്പുഴയിലെ സി.പി.എമ്മിൽ പുതിയ വിവാദമായി.
ജില്ലയിൽ നിന്നുള്ള പ്രതിനിധികൾക്കൊപ്പം ഇവർ രണ്ടുപേരും നിൽക്കുന്ന ചിത്രങ്ങൾ നോർത്ത് ഏരിയ കമ്മിറ്റി യോഗത്തിൽ കഴിഞ്ഞ ദിവസം ചിലർ പ്രദർശിപ്പിച്ചു. ഇവർ ചില നേതാക്കൾക്കൊപ്പം പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചെന്നും ആരോപണമുണ്ട്. രഹസ്യ യോഗങ്ങൾ കോ ഓർഡിനേറ്റ് ചെയ്യുന്നത് ഈ ഏരിയ സെക്രട്ടറിയാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. അതേസമയം ജില്ലാ സെക്രട്ടറിക്കെതിരെ വിമർശനം ഉയർന്ന നോർത്ത് ഏരിയ കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്സ് ഹാജരാക്കാൻ ജില്ലാ സെക്രട്ടേറിയേറ്റ് നിർദേശം നൽകി. രഹസ്യ യോഗം അടക്കമുള്ള ആരോപണങ്ങളിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി വിശദീകരണത്തിന് ശ്രമിച്ചെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ ഇടപെട്ട് തടഞ്ഞെന്നാണ് വിവരം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജാഥയെക്കുറിച്ച് മാത്രം ചർച്ച മതിയെന്നായിരുന്നു സജി ചെറിയാന്റെ അഭിപ്രായം.