മഞ്ഞിന്റെ കുളിരിൽ പടരുകയാണ് പനി

Saturday 28 January 2023 1:30 AM IST
t

# വൈറൽ പനി ബാധിച്ച് ജനം വലയുന്നു

ആലപ്പുഴ: മകരമഞ്ഞ് ശക്തമായതോടെ ജില്ലയിൽ വൈറൽപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. കൊവിഡിനെതിരെ മാത്രമല്ല ഇൻഫ്ളുവൻസയ്ക്കെതിരെയും ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഇതിനകം നിർദ്ദേശം നൽകിക്കഴിഞ്ഞു.

കൊവിഡ് കേസുകൾ കുറഞ്ഞ് വരികയാണെങ്കിലും ഇൻഫ്ളുവൻസ ബാധിതർ കൂടുന്നുണ്ട്. കൊവിഡിന്റെയും ഇൻഫ്ളുവൻസയുടേയും രോഗ ലക്ഷണങ്ങൾ ഏതാണ്ട് സമാനമായതിനാൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് രണ്ട് രോഗങ്ങളിലും പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ സമാനമായതിനാൽ തീവ്രത കണക്കിലെടുത്താണ് രോഗം തിരിച്ചറിയുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. കൊവിഡ് ആണെന്ന് സംശയം തോന്നുന്നവർക്കാണ് പരിശോധന നടത്തുന്നത്. പനി വ്യാപകമായതോടെ പലരും സ്വയം ചികിത്സയ്ക്ക് മുതിരുന്നത് സ്ഥിതി വഷളാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

# ചുമയാണ് കഠിനം

നിലവിലെ വൈറൽ പനി ബാധിതർക്ക് ചുമയാണ് പ്രധാന വില്ലൻ. തണുപ്പ് കൂടുന്ന രാത്രികളിൽ ചുമ കലശലാകും. ഇത് ശക്തമായ തൊണ്ടവേദനയ്ക്കും കാരണമാകും. കുട്ടികളും മുതിർന്നവരും ഒരുപോലെ പനിക്കിടക്കയിലാകുന്നുണ്ട്.

# വിവിധതരം പകർച്ച വ്യാധികൾ, ലക്ഷണങ്ങൾ

വൈറൽ പനി: തൊണ്ടവേദന, തലവേദന, മൂക്കടപ്പ്, ക്ഷീണം

കൊവിഡ്: പനി, ചുമ, തൊണ്ട വേദന, തലവേദന, ശരീരവേദന, ക്ഷീണം, ശ്വാസംമുട്ടൽ

ഡെങ്കിപ്പനി: ശരീരവേദന, സന്ധിവേദന, ക്ഷീണം, വിറയൽ, തലവേദന

എച്ച്1 എൻ1: പനി, ശരീരവേദന, ഛർദ്ദി, തൊണ്ടവേദന, വിറയൽ, ക്ഷീണം

എലിപ്പനി: ശക്തമായ വിറയൽ, പനി, തളർച്ച, കുളിര്, മനംപുരട്ടൽ, ഛർദ്ദി, ശരീരവേദന, കണ്ണിന് ചുവപ്പ്, വെളിച്ചത്ത് നോക്കാൻ പ്രയാസം, കണങ്കാലിൽ വേദന

# മാസ്ക് മറക്കരുത്

കൊവിഡിനെ മാത്രമല്ല, വൈറൽ പനിയെയും തുരത്താൻ മാസ്ക് സഹായിക്കും. ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടുകയാണ്. മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടിയെത്തുന്നവർ പോലും ആൾക്കൂട്ടത്തിൽ നിന്ന് പനി ബാധിച്ച് മടങ്ങുന്ന അവസ്ഥയുണ്ട്. പനി ബാധിതർ കൊതുകു കടിയേൽക്കാതിരിക്കാനും തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കാനും ശ്രദ്ധിക്കണം.

മഞ്ഞ് തുടങ്ങിയത് മുതൽ പനി ബാധിതരുടെ എണ്ണം കൂടുന്നുണ്ട്. സ്വയം ചികിത്സയ്ക്ക് മുതിരരുത്. കൃത്യമായ ചികിത്സയും വിശ്രമവുമാണ് ആവശ്യം

ജില്ലാ ആരോഗ്യ വിഭാഗം