നഗരസഭാദ്ധ്യക്ഷയെ മർദ്ദിച്ച സംഭവം: മുസ്ളീം ലീഗ് കൗൺസിലർ അറസ്റ്റിൽ

Saturday 28 January 2023 12:33 AM IST
നവാസ്

കായംകുളം: കായംകുളം നഗരസഭ ചെയർപേഴ്സൻ പി.ശശികലയുടെ കൈ തല്ലിയൊടിക്കുകയും സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മുസ്ലിം ലീഗ് കൗൺസിലർ കണ്ണമ്പള്ളി ഭാഗം മുണ്ടകത്തിൽ തെക്കതിൽ നവാസിനെ (48) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 13ന് നഗരസഭ ഓഫീസിലായിരുന്നു അക്രമം നടന്നത്. അമൃതം കുടിവെള്ള പദ്ധതി നടപ്പാക്കാൻ വിളിച്ചു ചേർത്ത, ഉദ്യോഗസ്ഥരുടെ യോഗത്തിലേക്ക് ഇരച്ചുകയറിയ യു.ഡി.എഫ് അംഗങ്ങൾ അക്രമം അഴിച്ചുവിടുകയായിരുന്നു. ശശികലയെ ഹാളിൽ കിടന്ന കസേര ഉപയോഗിച്ച് അടിച്ചു. വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനീയർക്കും ജീവനക്കാർക്കും മർദ്ദനമേറ്റു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ നവാസിനെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം പത്തനാട് ഭാഗത്തു നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുമ്പ് നഗരസഭ ചെയർമാന്റെ ഡയസും മേശയും കസേരകളും തല്ലിത്തകർത്ത കേസിലും നഗരസഭ സെക്രട്ടറിയെ ദേഹോപദ്രവം ഏൽപ്പിച്ച കേസിലും പ്രതിയാണ് ഇയാൾ. സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഒളിവിൽ പോകുന്നതും പിന്നീട് അവരെ ഭീഷണിപ്പെടുത്തി ഒത്തുതീർപ്പിന് ശ്രമിക്കുന്നതും ഇയാളുടെ രീതിയാണെന്ന് പൊലീസ് പറഞ്ഞു. കായംകുളം ഡിവൈ.എസ്.പി അജയ്‌നാഥിന്റെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ശ്രീകുമാർ, പൊലീസുകാരായ രാജേന്ദ്രൻ, ദീപക്, ഷാജഹാൻ,ഫിറോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.