ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തോൽപ്പിക്കണം: മന്ത്രി സജി ചെറിയാൻ

Saturday 28 January 2023 1:35 AM IST
74-ാമത് റിപബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ആലപ്പുഴ റിക്രിയേഷൻ മൈതാനത്ത് നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ ദേശീയ പതാക ഉയർത്തുന്നു. കളക്ടർ വി.ആർ. കൃഷ്ണതേജ, ജില്ല പൊലീസ് മേധാവക ചൈത്ര തെരേസ ജോൺ തുടങ്ങിയവർ സമീപം

ആലപ്പുഴ: ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് വിവിധ കോണുകളിൽ നിന്ന് ഉണ്ടാകുന്നതെന്നും അതിനെ ചെറുത്തു തോൽപ്പിക്കണമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഉന്നതമായ ഇന്ത്യൻ ഭരണഘടനയുടെ കാവലാളായി ഓരോരുത്തരും മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന 74-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സർക്കാർ ഏവർക്കും മാതൃകയായുള്ള ബദൽ നയങ്ങൾ ആവിഷ്‌കരിക്കുകയാണ്. ഇത് വിവിധ രാഷ്ട്രങ്ങളുടെ വരെ പ്രശംസയ്ക്ക് കാരണമായി. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതും ജലസ്രോതസുകൾ നവീകരിക്കുന്നതും ഭവനരഹിതർക്കു വീടും ജീവനോപാധിയും നൽകുന്നതുമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ മികച്ച ബദൽ നയങ്ങളുടെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

ചേർത്തല എസ്.എച്ച്.ഒ വിനോദ് കുമാർ പരേഡിന് നേതൃത്വം നൽകി. സായുധ സേന, ലോക്കൽ-വനിത പൊലീസ്, എക്‌സൈസ് എന്നിവയ്ക്കുപുറമേ എൻ.സി.സി, സ്റ്റുഡന്റ്‌സ് പൊലീസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, കബ്സ്, ബുൾ ബുൾ പ്ലാറ്റൂണുകളും പരേഡിൽ അണിനിരന്നു. എ.എം.ആരിഫ് എം.പി, എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, എ.ഡി.എം എസ്. സന്തോഷ്‌കുമാർ തുടങ്ങിയവരും പരേഡ് കാണാൻ എത്തിയിരുന്നു. വിജയികൾക്കുള്ള ട്രോഫികൾ മന്ത്രി സജി ചെറിയാൻ വിതരണം ചെയ്തു. പൂങ്കാവ് മേരി ഇമ്മാക്യുലേറ്റ് സ്‌കൂളിലെ വിദ്യാർത്ഥികൾ ദേശീയ ഗാനാലാപനം നടത്തി.