സിപിഎം എംഎൽഎ ബിജെപിയിലേക്ക്; തിപ്രമോത പാർട്ടി തനിച്ച് മത്സരിക്കും
ന്യൂഡൽഹി:സി.പി.എം - കോൺഗ്രസ് മുന്നണിക്ക് കനത്ത ആഘാതം ഏല്പിച്ചു കൊണ്ട് സി.പി.എം എം.എൽ.എയെയും കോൺഗ്രസ് നേതാവും ബി.ജെ.പിയിൽ ചേരുന്നു. കൈലാഷഹർ മണ്ഡലത്തിൽ നിന്നുള്ള സി.പി.എം എം.എൽ.എ മൊബഷർ അലിയും കോൺഗ്രസ് നേതാവ് ബില്ലാൽ മിയയുമാണ് ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചതെന്ന് ബി.ജെ.പി വൃത്തങ്ങൾ പറയുന്നു. ബി.ജെ.പി വൃത്തങ്ങളുമായുളള ചർച്ചകൾക്കായി മൊബഷർ അലി ഡൽഹിയിലെത്തിയിട്ടുണ്ട്. മൊബഷർ അലിയുടെ സിറ്റിംഗ് സീറ്റ് സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസിന് വിട്ട് നൽകിയതിൽ പ്രതിഷേധിച്ചു കൊണ്ടാണ് അദ്ദേഹം പാർട്ടി വിടുന്നത്. ബൊക്സനഗറിൽ നിന്ന് രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടയാളാണ് കോൺഗ്രസ് നേതാവ് ബില്ലാൽ മിയ. ഇരുവരും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള ഇരു പാർട്ടികളുടെയും പ്രമുഖ നേതാക്കളാണ്.
തിപ്രമോത പാർട്ടി തനിച്ച് മത്സരിക്കും
പുതിയതായി രൂപം കൊണ്ട പ്രമുഖ ഗോത്രവർഗ്ഗ പാർട്ടിയായ പ്രദ്യോത് മാണിക്യ ദേബ് ബർമൻ നയിക്കുന്ന തിപ്രമോത പാർട്ടി ആരുമായും സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ചു. തിപ്രലാൻഡ് എന്ന ആവശ്യത്തിന് ആരും രേഖ മൂലമുള്ള ഉറപ്പ് നൽകാൻ തയ്യാറായില്ലെന്നും അതിനാൽ ആരുമായും സഖ്യമില്ലെന്നും പ്രദ്യോത് വ്യക്തമാക്കി. ത്രിപുര വിഭജിച്ച് വിശാല തിപ്രലാൻഡ് രൂപീകരിക്കണമെന്നാണ് തിപ്രമോത പാർട്ടിയുടെ ആവശ്യം. പ്രദ്യോത് ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിൽ വെച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചർച്ച നടത്തിയിരുന്നു.
ബി.ജെ.പി പട്ടിക തയ്യാറായി
ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്നലെ ഡൽഹിയിൽ യോഗം ചേർന്നു. കഴിഞ്ഞ ദിവസം ലിസ്റ്റ് ചർച്ച ചെയ്യാൻ അമിത് ഷാ, ജെ.പി നഡ്ഢ, ബിപ്ളവകുമാർ ദേബ് എം.പി, മുഖ്യമന്ത്രി മണിക് സാഹ തുടങ്ങിയ നേതാക്കൾ ഡൽഹിയിൽ യോഗം ചേർന്നിരുന്നു. ത്രിപുര ബി.ജെ.പി കോർ ഗ്രൂപ്പ് യോഗം പാർട്ടിയുടെ വടക്ക് കിഴക്കൻ മേഖലയുടെ ചുമതലയുള്ള സംബിത് പത്രയുടെ വീട്ടിൽ യോഗം ചേർന്നിരുന്നു. പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക ഉടനെ പ്രഖ്യാപിച്ചേക്കും.