12 ചീറ്റകൾ കൂടി ഇന്ത്യയിലേക്ക്

Saturday 28 January 2023 1:31 AM IST

ന്യൂഡൽഹി: 12 ചീറ്റകളെക്കൂടി ഇന്ത്യയിലേക്കെത്തിക്കാനുള്ള ധാരണാപത്രത്തിൽ ദക്ഷിണാഫ്രിക്ക ഒപ്പു വച്ചു. ഇതനുസരിച്ച് ഫെബ്രുവരിയിൽ 12ചീറ്രകൾ കൂടി മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെത്തും. ഏഴ് ആൺ ചീറ്റകളും അഞ്ച് പെൺ ചീറ്റകളുമാകും ഉണ്ടാവുക. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി 100 ചീറ്റകളെ രാജ്യത്തെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

ചീറ്റ പുനരുജ്ജീവന പദ്ധതിക്ക് കീഴിൽ കഴിഞ്ഞ സെപ്തംബറിൽ നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചിരുന്നു. രണ്ടാം ഘട്ട ചീറ്റകൾ കൂടി എത്തുമ്പോൾ കുനോ നാഷണൽ പാർക്കിലെ ചീറ്റകളുടെ എണ്ണം 20 ആകും. രണ്ട് സ്ഥലങ്ങളിലായി ക്വാറന്റീനിൽ കഴിയുന്ന ചീറ്റകളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ വിദഗ്ദ്ധ സംഘം ദക്ഷിണാഫ്രിക്ക സന്ദർശിക്കുമെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, നമീബിയയിൽ നിന്നെത്തിച്ച ചീറ്റകളിലൊന്നായ സാഷയ്ക്ക് കിഡ്നി രോഗമാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിദഗ്ദ്ധ ചികിത്സയാണ് സാഷയ്ക്ക് നല്കി വരുന്നത്.

1952ൽ ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. സെപ്തംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിലാണ് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്.