തെലുങ്കു നടി ജമുന അന്തരിച്ചു

Saturday 28 January 2023 1:36 AM IST

ഹൈദരാബാദ്: പ്രശസ്ത തെലുങ്കു നടി ജമുന(86​)​ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഹൈദരാബാദിലെ വസതിയിൽ വച്ച് ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. രാഷ്ട്രീയ സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

നാടകത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1953ൽ ബാലതാരമായി സിനിമയിലെത്തിയ അവർ എൻ.ടി.ആർ ഉൾപ്പെടെ മുതിർന്ന താരങ്ങളുടെയൊപ്പം അഭിനയിച്ചു. 200നടുത്ത് സിനിമകളിൽ വേഷമിട്ടു. തെലുങ്കിനു പുറമേ തമിഴ്,​ കന്നട,​ ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മിസ്സമ്മ,​ ഗുണ്ടമ്മ കഥ,​ ശ്രീകൃഷ്ണ തുലാഭാരം,​ മൂഗ മനസുലു തുടങ്ങിയവയാണ് പ്രധാനപ്പെട്ട സിനിമകൾ. മിലൻ എന്ന സിനിമയിലൂടെ മികച്ച സഹനടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം നേടി. തമിഴ്നാട് ഫിലിം ഹോണററി അവാർഡ്,​ എൻ.ടി.ആർ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചു. 1980ൽ കോൺഗ്രസിൽ ചേർന്ന അവർ1989ൽ രാജമുണ്ട്രി മണ്ഡലത്തിൽ വിജയിച്ചിരുന്നു. സുവോളജി പ്രൊഫ. ജുലുരി രമണ റാവുവാണ് ഭർത്താവ്. രണ്ടു മക്കളുണ്ട്.