കോർപറേഷൻ ഓഫീസിനു മുമ്പിലെ പതാക ഇനി താഴില്ല

Saturday 28 January 2023 12:37 AM IST

തൃശൂർ: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഉയർത്തിയ പതാക ഇനി 24 മണിക്കൂറും തൃശൂർ കോർപറേഷനു മുമ്പിൽ പാറിപ്പറക്കും. ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ചാണ് കോർപറേഷൻ 100 അടി ഉയരമുള്ള കൊടിമരം ഉയർത്തിയിട്ടുള്ളത്. റിപ്പബ്ലിക് ദിന ചടങ്ങിൽ മേയർ എം.കെ. വർഗീസ് റിമോട്ട് ഉപയോഗിച്ച് ഉയർത്തുന്ന പതാകയുടെ സ്വിച്ച് ഓൺ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, സെക്രട്ടറി ആർ. രാഹേഷ്‌ കുമാർ എന്നിവർ സന്നിഹിതരായിരുന്നു. കേരളത്തിലെ കോർപറേഷനുകളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു കൊടിമരവും പതാകയും സ്ഥാപിച്ചിട്ടുള്ളത്. പതാക മാറ്റുന്നതിനും മോട്ടോർ സർവീസ് ചെയ്യുന്നതിനും മാത്രമേ പതാക താഴ്ത്തുകയുള്ളൂ. രാത്രികാലങ്ങളിൽ പതാക കാണുന്നതിന് സ്‌പോട്ട് ലൈറ്റുകൾ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്.