നഗരത്തെ സുന്ദരമാക്കാൻ ഐ ലൗ തൃശൂർ പദ്ധതി: എം.പി ഫണ്ടിൽ നിന്നും ഒരു കോടി

Saturday 28 January 2023 12:38 AM IST

തൃശൂർ: കോർപറേഷന്റെ സൗന്ദര്യവത്കരണത്തിനായി ഐ ലൗ തൃശൂർ പദ്ധതി നടപ്പാക്കും. പദ്ധതിക്ക് ഒരു കോടി രൂപ എം.പി ഫണ്ടിൽ നിന്നും നൽകുമെന്ന് ടി.എൻ. പ്രതാപൻ എം.പിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന എം.പി ലാഡ് അവലോകന യോഗത്തിൽ അറിയിച്ചു. പട്ടികജാതി വിഭാഗത്തിന്റെ വികസനത്തിനായി കൂടുതൽ പദ്ധതികൾ സമർപ്പിക്കാൻ എസ്.സി ഡെവലപ്‌മെന്റ് ഓഫീസർക്ക് എം.പി നിർദ്ദേശം നൽകി. കള്ളിച്ചിത്ര കോളനിയിൽ ഹൈമാസ്റ്റ് ലൈറ്റ് നിർമ്മാണം, കോളനിയിലെ ഭൂമി സംരക്ഷണത്തിനായി പുഴയോരം കെട്ടി സംരക്ഷിക്കൽ, പീച്ചി പ്രീമെട്രിക് ഹോസ്റ്റൽ കിച്ചൻ ആൻഡ് ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മാണം, പാണഞ്ചേരി പഞ്ചായത്തിലെ ഒളകര കോളനി റോഡ് നിർമ്മാണം എന്നീ പ്രവൃത്തികളുടെ പ്രൊപോസൽ യോഗത്തിൽ അംഗീകരിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.