മോർബി പാലം: കുറ്റപത്രത്തിൽ ഒറേവ എം ഡി മുഖ്യപ്രതി

Saturday 28 January 2023 1:39 AM IST

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് 135 പേർ മരിച്ച സംഭവത്തിൽ ഒറേവ ഗ്രൂപ്പിന്റെ എം.ഡി ജയ്സുഖ് പട്ടേലിനെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 1262 പേജുള്ള കുറ്റപത്രത്തിൽ പ്രധാന പ്രതി ജയ്സുഖ് പട്ടേൽ ആണെന്ന് വ്യക്തമാക്കുന്നു. മോർബി പാലത്തിന്റെ പുനർനിർമ്മാണത്തിന്റെയും അറ്റകുറ്റപ്പണിയുടെയും ചുമതല വാച്ച് നിർമ്മാതാക്കളായ ഒറേവ ഗ്രൂപ്പിനായിരുന്നു.

പാലം തുറന്നുകൊടുത്ത് നാല് ദിവസത്തിനു ശേഷമാണ് തകർന്നുവീണത്. സംഭവത്തിന് ശേഷം ജയ്സുഖ് പട്ടേൽ ഒളിവിലാണ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അറിയിച്ചിരുന്നെങ്കിലും പല തവണയായി ഇയാൾ അവഗണിച്ചെന്നും ശേഷം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് മോർബി പാലം തകർന്നുവീണത്. സംഭവത്തിൽ ഇതുവരെ ഒമ്പത് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.