സംവരണം വലിയ ഭീഷണി നേരിടുന്നു: വി.ആർ. ജോഷി

Saturday 28 January 2023 12:40 AM IST

തൃശൂർ: പിന്നാക്ക വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പാക്കുന്ന സംവരണം വലിയ ഭീഷണി നേരിടുകയാണന്ന് പിന്നാക്ക വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷി. ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ തൃശൂർ യൂണിയൻ, ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ നടത്തിയ നിവർത്തന പ്രക്ഷോഭ നവതിയാഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

85 ശതമാനം വരുന്ന പിന്നാക്കസമൂഹം തങ്ങളുടെ ശക്തി തിരിച്ചറിയാത്തതാണ് ഈ ഭീഷണിയക്ക് കാരണം. സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിടുമ്പോൾ എക്‌സിക്യൂട്ടിവിലും ജുഡീഷ്യറിയിലും ലെജിസ്‌ലേച്ചറിലും പിന്നാക്ക പ്രാതിനിധ്യം കുറഞ്ഞു വരുന്നതായി അദ്ദേഹം പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് പിന്നാക്ക സംവരണം 52 ശതമാനമായി ഉയർത്തണമെന്ന് സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ പ്രസിഡന്റ് ഐ.ജി. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. എ.വി. സജീവ് അദ്ധ്യക്ഷനായി.

അഡ്വ. എം.എൻ. ശശിധരൻ, അഡ്വ. സംഗീത വിശ്വനാഥ്, ടി.ആർ. രഞ്ജു, എം.കെ. നാരായണൻ, പ്രൊഫ. കെ.കെ. ഹർഷകുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എ.വി സജീവ് (പ്രസിഡന്റ്) പി.വി. പുഷ്പരാജ് (വൈസ് പ്രസിഡന്റ്) സി.എസ്. ശശിധരൻ (സെക്രട്ടറി) വി.എസ്. ബൈജു (ജോയിന്റ് സെക്രട്ടറി) എൻ.വി. അശോകൻ (ട്രഷറർ) ക്യാപ്ടൻ സി.പി. പ്രസാദ്, ഇന്ദിരാദേവി ടീച്ചർ, പത്മിനി ഷാജി, പി.കെ. വിജയൻ, വി.ജി. രാജൻ, പി.ബി. സജീവ്, കെ.ആർ. ഉണ്ണിക്കൃഷ്ണൻ (കമ്മിറ്റി അംഗങ്ങൾ).