ജില്ലയിലെ ഒമ്പത് ബ്ളാക്ക് സ്പോട്ടുകൾ സുരക്ഷിത യാത്രാമേഖലയാക്കി‌

Saturday 28 January 2023 3:11 AM IST

 പ്രഖ്യാപനവുമായി പൊതുമരാമത്ത് റോഡ് സുരക്ഷാ വിഭാഗം


തിരുവനന്തപുരം: പൊതുനിരത്തുകളിൽ പ്രതിവർഷം അഞ്ചിലധികം പേരുടെ അപകട മരണത്തിനിടയാക്കിയ ജില്ലയിലെ 9 ബ്ളാക്ക് സ്‌പോട്ടുകൾ അപകടവിമുക്ത മേഖലകളാക്കി പൊതുമരാമത്ത് റോഡ് സുരക്ഷാ വിഭാഗം.

വലിയതുറ,മണക്കാട്,പൂന്തുറ ജംഗ്ഷൻ,വെള്ളയമ്പലം,വട്ടിയൂർക്കാവ്,മണ്ണന്തല പരുത്തിപ്പാറ,വെട്ടുകാട്,കന്യാകുളങ്ങര,വർക്കല എന്നിവിടങ്ങളിലാണ് ജംഗ്ഷനുകളുൾപ്പെടെ നിരത്തുകൾ അപകട വിമുക്തമാക്കിയത്. 2019ലെ നാറ്റ്പാക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ദേശീയ സംസ്ഥാന പാതകളിലായി 29 ബ്ളാക്ക് സ്‌പോട്ടുകളാണ് കണ്ടെത്തിയിരുന്നത്. ദേശീയപാത അതോറിട്ടിക്ക് കീഴിലുള്ള ബ്ളാക്ക് സ്‌പോട്ടുകൾ അപകട വിമുക്തമാക്കിയതിന് പിന്നാലെയാണ് പൊതുമരാമത്ത് റോഡുകളിലും റോഡ് സുരക്ഷാ നടപടികൾ ഊ‌ർജിതമാക്കിയത്.

മൂന്നുവർഷത്തിനുള്ളിൽ 500 മീറ്റർ ദൂരപരിധിയിൽ അഞ്ച് വലിയ വാഹനാപകടമോ പത്ത് മരണമോ നടന്നിട്ടുള്ള പ്രദേശങ്ങളാണ് ബ്ലാക്ക് സ്‌പോട്ടായി നിർണയിച്ചത്. അമിതവേഗം,അശ്രദ്ധ,മദ്യപിച്ച് വാഹനം ഓടിക്കൽ,റോഡുകളുടെ തകരാറ് തുടങ്ങിയവയായിരുന്നു അപകടങ്ങൾക്ക് കാരണമായത്. വളവുകൾ അപകടമുക്തമാക്കിയതിന് പുറമേ സൈൻ ബോർഡുകളും സിഗ്നലുകളും സ്ഥാപിച്ചും റോഡിൽ സീബ്രാക്രോസിംഗ് ഉൾപ്പെടെ ആവശ്യമായ മുന്നറിയിപ്പുകൾ അടയാളപ്പെടുത്തിയുമാണ് നിരത്തുകൾ സുരക്ഷിതമാക്കിയത്.

ഓരോ സ്ഥലത്തും നാല് ലക്ഷത്തിലധികം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഈ ജംഗ്ഷനുകളിൽ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാകത്തക്കവിധം വികസിപ്പിക്കാനും റോഡ് സുരക്ഷാ ക്രമീകരണങ്ങൾ വിപുലപ്പെടുത്തുന്നതിനുമായി റോഡ് സുരക്ഷാ അതോറിട്ടിയും സംസ്ഥാന സർക്കാരും ചേർന്ന് 31 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ഫുട് ഓവർബ്രിഡ്ജ്, സിഗ്നലിംഗ്, സി.സി ടിവി കാമറ, ഫുട്പാത്ത് വികസനം തുടങ്ങിയ പദ്ധതികളാണ് ആവിഷ്‌കരിക്കുക. റോഡ് സംബന്ധമായ തകരാറുകളും ന്യൂനതകളും പരിഹരിക്കാൻ റോഡ് സുരക്ഷാ അതോറിട്ടി പൊതുമരാമത്ത് വിഭാഗങ്ങൾ ശ്രമം ആരംഭിച്ചതോടെ അപകടവും മരണനിരക്കും കുറയുമെന്നാണ് കരുതുന്നത്.

ജില്ലയിലെ ബ്ളാക്ക് സ്‌പോട്ടുകളിലെ

അപകടങ്ങളിൽ ജീവൻ നഷ്ടമായത്

2019 -2022വരെ 543 പേ‌ർ

ഗുരുതര പരിക്കേറ്രത് - 3828 പേർക്ക്

നാറ്റ്പാക് ബ്ളാക്ക് സ്‌പോട്ടുകളായി റിപ്പോർട്ട് ചെയ്‌ത മേഖലകളെല്ലാം പൊതുമരാമത്ത് റോഡ് സേഫ്റ്റി വിഭാഗം സുരക്ഷിതമാക്കിയിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിംഗ്,അമിതവേഗം,മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നിവ ഒഴിവാക്കുക കൂടി ചെയ്‌താൽ യാത്രക്കാർക്ക് പൂർണ സുരക്ഷ ഉറപ്പാക്കാം.

അസി.എൻജിനിയർ, പൊതുമരാമത്ത്

റോഡ് സുരക്ഷാ വിഭാഗം

Advertisement
Advertisement