5 നായ്ക്കളെ വരെ വീട്ടിൽ വളർത്താം

Saturday 28 January 2023 4:02 AM IST

തിരുവനന്തപുരം: ഒരാൾക്ക് വീട്ടിൽ അഞ്ചു നായ്ക്കളെവരെ വളർത്താമെന്ന് നഗരസഭയുടെ പുതുക്കിയ കരട് നിയമാവലി വ്യക്തമാക്കുന്നു. എന്നാൽ രണ്ടിൽ കൂടുതലുണ്ടെങ്കിൽ വളർത്താൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തണം. ഫ്ലാറ്റുകളിലടക്കം ഇത് ബാധകം. വാണിജ്യാവശ്യത്തിന് അല്ലാതെ അഞ്ചിലധികം നായ്‌ക്കളെ വളർത്തണമെങ്കിൽ ഹോം ബ്രീഡേഴ്സ് ഷെൽട്ടർ ഒരുക്കണം. വാണിജ്യാവശ്യത്തിനാണെങ്കിൽ ബ്രീഡേഴ്സ് ലൈസൻസും വേണം.

വളർത്തു മൃഗങ്ങൾക്കും പക്ഷികൾക്കും ലൈസൻസ് നിർബന്ധം. ഒരു വർഷമാണ് കാലാവധി. വളർത്തുനായ്ക്കളിൽ ലാർജ് ബ്രീഡുകൾക്ക് 1000 രൂപ, മീഡിയം ബ്രീഡിന് 750, ചെറു ബ്രീഡിന് 500, നാടൻ നായ്‌ക്കൾക്ക് 125 രൂപയുമാണ് ലൈസൻസ് ഫീസ്. പക്ഷികൾക്ക് 1000 രൂപ.

മറ്റു വളർത്തു മൃഗങ്ങൾക്ക് 250 രൂപ.

അവശനിലയിലുള്ള നായ്‌ക്കളെ ഉൾപ്പെടെ പരിപാലിക്കുന്ന എൻ.ജി.ഒകൾ, മൃഗസ്‌നേഹികൾ തുടങ്ങിയവരെ ലൈസൻസ് ഫീസിൽ നിന്ന് ഒഴിവാക്കും. എന്നാൽ, മൃഗസംരക്ഷണ പരിപാലന കേന്ദ്രങ്ങൾക്കുള്ള ലൈസൻസ് എടുക്കണം. നഗരപരിധിയിലെ തെരുവുനായ്‌ക്കളുടെ സെൻസസ് എടുക്കാനും നഗരസഭ തീരുമാനിച്ചു.