ഐസിസ് നേതാവിനെ യു.എസ് വധിച്ചു

Saturday 28 January 2023 6:38 AM IST

ന്യൂയോർക്ക്: വടക്കൻ സൊമാലിയയിൽ യു.എസ് സ്പെഷ്യൽ ഫോഴ്സ് നടത്തിയ റെയ്ഡിൽ ഐസിസ് നേതാവ് ബിലാൽ അൽ സുഡാനിയും 10 അനുയായികളും കൊല്ലപ്പെട്ടു. പർവത മേഖലയിലുള്ള ഗുഹാ സമുച്ഛയത്തിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ആഫ്രിക്കയിൽ ഐസിസ് സാന്നിദ്ധ്യം വളർത്തിയതിൽ പ്രധാനിയായിരുന്നു അൽ സുഡാനി എന്ന് യു.എസ് ഡിഫൻസ് സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ പറഞ്ഞു. എങ്ങനെയാണ് ഇയാളെ വധിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

ഹെലികോപ്ടർ വഴി ഇറങ്ങിയ കമാൻഡോകൾ വെടിവയ്പ് നടത്തിയതാണെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ട്. സമീപ വർഷങ്ങളിൽ ഡി.ആർ. കോംഗോ, മൊസാംബീക് തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ഐസിസ് സാന്നിദ്ധ്യം വർദ്ധിപ്പിച്ചിരുന്നു. അതേസമയം, സൊമാലിയയിൽ ഐസിസിന്റെ പ്രഭാവം താരതമ്യേന കുറവാണ്.

അൽ ക്വഇദയുമായി ബന്ധമുള്ള അൽ ഷബാബിനാണ് കൂടുതൽ സ്വാധീനം. സൊമാലിയയുടെ തെക്കൻ മേഖലകൾ അൽ ഷബാബിന്റെ നിയന്ത്രണത്തിലാണ്. ഐസിസിൽ ചേരുന്നതിന് മുന്നേ അൽ സുഡാനിയും അൽ ഷബാബിന്റെ ഭാഗമായിരുന്നു.

അൽ സുഡാനിയുടെ വധത്തെ സ്വാഗതം ചെയ്യുന്നതായി സൊമാലി സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ് ഹുസൈൻ ഷെയ്ഖ് അലി പറഞ്ഞു. തലസ്ഥാനമായ മൊഗഡീഷുവിലടക്കം 2022ൽ 32 ആക്രമണങ്ങളാണ് ഐസിസ് നടത്തിയത്.