പല്ലിയുടെ സവാരി 4,500 കിലോമീറ്റർ, ഒടുവിൽ എത്തിയത് ഫ്രിഡ്ജിലേക്ക്

Saturday 28 January 2023 6:38 AM IST

ലണ്ടൻ : ഈജിപ്റ്റിൽ നിന്ന് സ്ട്രോബെറി ബാസ്ക്കറ്റിനുള്ളിൽ കയറി 4,500 കിലോമീറ്റർ സഞ്ചരിച്ച് ഒരു പല്ലി എത്തിയത് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ഒരു റഫ്രിജറേറ്ററിൽ.! ഒരു സൂപ്പർ മാർക്കറ്റിൽ നിന്ന് സ്ട്രോബെറി വാങ്ങിയ ഒരു സ്ത്രീയാണ് ഈ ഇത്തിരിക്കുഞ്ഞൻ പല്ലിയെ കണ്ടെത്തിയത്. സ്ട്രോബെറികൾ വാങ്ങി വീട്ടിലെത്തിയ ഉടൻ സ്ത്രീ അവ ഫ്രിഡ്ജിലേക്ക് മാറ്റി.

ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞ് സ്ട്രോബെറികൾ പുറത്തെടുത്തപ്പോൾ ഒരു സട്രോബെറിയുടെ മുകളിൽ ഒരു കൊച്ചുതല കണ്ടു. തല അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അതിനെ ചെറിയ പ്ലാസ്റ്റിക് പാത്രത്തിലേക്ക് മാറ്റി. ഒരിഞ്ച് മാത്രം വലിപ്പമേ പല്ലിക്കുഞ്ഞിനുണ്ടായിരുന്നുള്ളൂ. ഉടൻ തന്നെ യു.കെയിലെ മൃഗക്ഷേമ സംഘടനയായ റോയൽ സൊസൈറ്റി ഫോർ ദ പ്രിവെൻഷൻ ഒഫ് ക്രൂവൽറ്റി ടു ആനിമൽസിനെ ( ആർ.എസ്.പി.സി.എ ) വിവരമറിയിച്ചു.

സംഘടനാപ്രവർത്തകർ എത്തി പല്ലിയെ വെറ്ററിനറി സെന്ററിലേക്കും തുടർന്ന് ഒരു റെസ്ക്യൂ സെന്ററിലേക്കും മാറ്റി. പല്ലിയുടെ വാൽ അപ്രത്യക്ഷമായിരുന്നു. നിരീക്ഷണ കാലയളവ് കഴിഞ്ഞ് പല്ലിയെ പുനരധിവസിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.