അധിനിവേശത്തെ റഷ്യ നാറ്റോയോടും പാശ്ചാത്യ രാജ്യങ്ങളോടുമുള്ള യുദ്ധമാക്കി മാറ്റി: ഇ.യു ഉന്നത ഉദ്യോഗസ്ഥൻ

Saturday 28 January 2023 6:40 AM IST

മോസ്കോ : യുക്രെയിനെതിരെ റഷ്യ ആരംഭിച്ച സൈനിക നടപടി ഇപ്പോൾ നാറ്റോയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കുമെതിരെയുള്ള യുദ്ധമായി മാറിയെന്ന് യൂറോപ്യൻ യൂണിയന്റെ ( ഇ.യു ) യൂറോപ്യൻ എക്സ്റ്റേണൽ ആക്ഷൻ സർവീസ് സെക്രട്ടറി ജനറൽ സ്റ്റെഫാനോ സാന്നിനോ. യു.എസും ജർമ്മനിയും യുക്രെയിന് സൈനിക ടാങ്കുകൾ നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്റ്റെഫാനോയുടെ പ്രതികരണം. യുക്രെയിനിൽ സൈനിക കേന്ദ്രങ്ങൾക്ക് പകരം സാധാരണക്കാരെയും നഗരങ്ങളെയും റഷ്യ ആക്രമിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു. യുക്രെയിന് ടാങ്കുകൾ നൽകുന്നത് ആക്രമണത്തിനല്ലെന്നും പകരം ചെറുത്തുനിൽപ്പിനാണെന്നും അദ്ദേഹം വ്യക്തമാക്കി. ജർമ്മനി 14 ലെപ്പേഡ് - 2 ടാങ്കുകളും യു.എസ് 31 എം - 1 എബ്രാംസ് ടാങ്കുകളുമാണ് യുക്രെയിന് നൽകുക. യുക്രെയിന് സൈനിക ടാങ്കുകൾ നൽകാൻ ആദ്യം വിമുഖത കാട്ടിയ ജർമ്മനി കടുത്ത പാശ്ചാത്യ സമ്മർദ്ദത്തിന് വഴങ്ങിയാണ് തീരുമാനം മാറ്റിയത്. ലോകത്തെ ഏറ്റവും മികച്ച ടാങ്കുകളിൽപ്പെടുന്നവയാണ് ലെപ്പേഡും എബ്രാംസും. അതിനിടെ, യുക്രെയിനിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള സെപൊറീഷ്യ ആണവ നിലയത്തിന് സമീപം കഴിഞ്ഞ ദിവസങ്ങളിൽ സ്ഫോടനങ്ങളുണ്ടായെന്ന് ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി അറിയിച്ചു. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് റഷ്യ ആരോപിച്ചു.