വെസ്റ്റ് ബാങ്കിൽ വെടിവയ്പ്: 9 മരണം

Saturday 28 January 2023 6:46 AM IST

ടെൽ അവീവ് : വെസ്റ്റ് ബാങ്കിൽ ജെനിൻ മേഖലയിൽ ഇസ്രയേൽ നടത്തിയ റെയ്‌ഡിനിടെയുണ്ടായ വെടിവയ്പിൽ രണ്ട് സാധാരണക്കാർ ഉൾപ്പെടെ ഒമ്പത് മരണം. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 60 വയസുള്ള സ്ത്രീയുണ്ടെന്നും 20 ഓളം പേർക്ക് പരിക്കേറ്റെന്നും പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലി സിവിലിയൻമാർക്കും സൈനികർക്കും നേരെ ആക്രമണത്തിന് പദ്ധതിയിട്ട ഇസ്ലാമിക് ജിഹാദ് സംഘടനയിലെ അടക്കം അക്രമികൾക്കായാണ് റെയ്ഡ് നടത്തിയതെന്നും റെയ്ഡിനിടെ ആയുധധാരികൾ തങ്ങൾക്ക് നേരെ വെടിവയ്പ് നടത്തിയതോടെ തിരിച്ചടി നടത്തുകയായിരുന്നെന്നും ഇസ്രയേൽ മിലിട്ടറി ആരോപിച്ചു. അക്രമികൾ ഒളിവിൽ കഴിഞ്ഞിരുന്ന കെട്ടിടത്തിലെ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കിയെന്നും സൈന്യം പറഞ്ഞു. റെയ്‌ഡിനിടെ ഇസ്രയേൽ സൈനിക വാഹനങ്ങൾക്ക് നേരെ കല്ലേറുമുണ്ടായി. എന്നാൽ ജെനിനിൽ ഇസ്രയേൽ കൂട്ടക്കൊല നടത്തിയെന്ന് പലസ്തീൻ പ്രസിഡന്റിന്റെ വക്താവ് പ്രതികരിച്ചു.