വഴിയോരക്കച്ചവടക്കാരൻ 366 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കേസ്, പിന്നിൽ റാക്കറ്റാകാമെന്ന് പൊലീസ്
ലക്‌നൗ: വഴിയോരക്കച്ചവടക്കാരൻ 366 കോടി രൂപയുടെ നികുതി തട്ടിപ്പ് നടത്തിയതായി കേസ്. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ തെരുവുകളിൽ തുണിക്കച്ചവടം നടത്തുന്ന ഇജാസ് അഹമ്മദാണ് (40) കോടികളുടെ തട്ടിപ്പ് നടത്തിയതായി ജി എസ് ടി ഉദ്യോഗസ്ഥർ പറയുന്നത്. ആരോപണം നിഷേധിച്ച ഇജാസ് പിന്നാലെ ഉദ്യോഗസ്ഥരെ സമീപിക്കുകയും ചെയ്തു.
രണ്ട് വർഷം മുമ്പ് ജി എസ് ടി നമ്പറിനായി കവാൽ ഗ്രാമത്തിൽ ഇജാസ് ഒരു ചെറിയ ആക്രിക്കട രജിസ്റ്റർ ചെയ്തിരുന്നു. 500 മുതൽ 1000 രൂപവരെയായിരുന്നു ഇജാസിന്റെ ദിവസവരുമാനം. തുടർച്ചയായി നഷ്ടം നേരിട്ടതിന് പിന്നാലെ ഇജാസ് തുണിക്കച്ചവടത്തിലേയ്ക്ക് തിരിയുകയായിരുന്നു. പുതിയ ബിസിനസ് ആരംഭിച്ചതിനെത്തുടർന്ന് പഴയ ജി എസ് ടി അക്കൗണ്ട് ക്ളോസ് ചെയ്യാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നതായി ഇജാസ് പറയുന്നു. തട്ടിപ്പിന് പിന്നിലെ യഥാർത്ഥ കുറ്റവാളിയെ ജി എസ് ടി ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തണമെന്നും ഇജാസ് അഭ്യർത്ഥിച്ചു.
ഇതിന് പിന്നിൽ വലിയൊരു റാക്കറ്റാകാൻ സാദ്ധ്യതയുള്ളതായി ജി എസ് ടി ഡിപ്പാർട്ട്‌മെന്റിന്റെ ജോയിന്റ് കമ്മീഷണർ പറഞ്ഞു. തങ്ങളുടെ ജി എസ് ടി അക്കൗണ്ടുകൾ മറ്റുള്ളവർ ഉപയോഗിക്കുന്നതായി ചിലർ പരാതിപ്പെടുന്നുണ്ട്. ഇജാസിനെയും ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയാണ് ജി എസ് ടി ഉദ്യോഗസ്ഥർ ഇജാസിന്റെ വീട്ടിൽ റെയ്‌ഡിനെത്തിയത്. ഈ സമയം ഇയാൾ വീട്ടിലില്ലായിരുന്നു. ഇതിന് പിന്നാലെ ജി എസ് ടി ഡിപ്പാർട്ട്‌മെന്റിനെ സമീപിച്ച ഇജാസ് പരാതി നൽകുകയായിരുന്നു.