ത്രിപുരയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി ജെ പിയും കോൺഗ്രസും; പിന്നാലെ സ്വന്തം പാർട്ടി ഓഫീസുകൾ അടിച്ചു തകർത്ത് പ്രവർത്തകർ

Saturday 28 January 2023 3:04 PM IST

അഗർത്തല: ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിന്റെ ചുടിലേയ്ക്ക്. കോൺഗ്രസും ബി ജെ പിയും ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 48 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തുവിട്ടു. കോൺഗ്രസ് 17 സ്ഥാനാർത്ഥികളെയും പ്രഖ്യപിച്ചിട്ടുണ്ട്. ഫെബ്രുവരി 16നാണ് തിരഞ്ഞെടുപ്പ് നടക്കുക. ആകെ 60 അംഗ നിയമസഭയിൽ ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സംഘ‌ർഷം ഉണ്ടായി.

ത്രിപുര മുഖ്യമന്ത്രി മണിക് സാഹ ടൗൺ ബോർഡോവാലി സീറ്റിൽ നിന്നാണ് മത്സരിക്കുക. ധന്പൂരിൽ നിന്ന് കേന്ദ്രമന്ത്രി പ്രതിമ ഭൂമികിനെയും പാർട്ടി മത്സരിപ്പിക്കുന്നുണ്ട്. അതേസമയം കോൺഗ്രസ് നേതാവ് സുദീപ് റോയ് ബർമ്മൻ അഗർത്തലയിൽ നിന്നാണ് മത്സരിക്കുന്നത്.

സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെ കോൺഗ്രസിലും ബി ജെ പിയിലും പൊട്ടിത്തെറികൾ ഉണ്ടായി. പ്രവർത്തകർ സ്വന്തം പാർട്ടി ഓഫീസുകൾ അടിച്ചു തകർത്തു. ധർമ നഗർ, ബാഗ് ബാസ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.

2018ൽ 20 വർഷം നിണ്ടുനിന്ന് ഇടതുമുന്നണി ഭരണം അവസാനിപ്പിച്ചാണ് ത്രിപുരയിൽ ബിജെപി സർക്കാറാണ് ഭരണത്തിലെത്തിയത്. കഴിഞ്ഞ വ‌ർഷം മെയ് മാസത്തിൽ ബിപ്ലവ് കുമാർ രാജിവച്ചതിനെ തുടർന്ന് മണിക് സാഹ മുഖ്യമന്ത്രിയായി. 2018ൽ ഇവിടെ കോൺഗ്രസിന് സീറ്റ് ലഭിച്ചിരുന്നില്ല. നിലവിൽ ഒരു എം എൽ എ കോൺഗ്രസിന് ത്രിപുരയിൽ ഉണ്ട്. ഈ വർഷം സംസ്ഥാന തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിലാണ് സി പി എം മത്സരിക്കുക.