കരാർ നിരക്ക് 2018ലേത്; റോഡ് എങ്ങനെ കുളമാകാതിരിക്കും
കോട്ടയം . റോഡ് വേഗത്തിൽ പൊട്ടിപ്പൊളിഞ്ഞാൽ കുറ്റം കരാറുകാരുടെ തലയിൽ. പക്ഷെ അഞ്ചുവർഷം മുമ്പത്തെ നിർമ്മാണ സാമഗ്രികളുടെ വില വച്ച് എങ്ങനെ ഗുണനിലവാരമുള്ള റോഡും പാലങ്ങളും നിർമ്മിക്കും. നിർമ്മാണ സാമഗ്രികളുടെ വില പതിന്മടങ്ങ് വർദ്ധിച്ചെങ്കിലും 2018ലെ നിരക്കാണ് ഇന്നും സർക്കാർ അംഗീകരിച്ചിട്ടള്ളത്. കരിങ്കല്ല് ഉത്പന്നങ്ങൾക്ക് തോന്നുംപടിയാണ് വില വർദ്ധനവ്. ഒരു വർഷത്തിനുള്ളിൽ അഞ്ചു തവണ വില വർദ്ധിപ്പിച്ചു. കൈക്കൂലിക്കാരെ പിടിക്കാൻ വിജിലൻസ് പേരിന് ഉണ്ടെങ്കിലും കരാർ ടെണ്ടർ ലഭിക്കാനും ബില്ല് പാസാക്കാനും ഇന്നും കൈമടക്ക് കൊടുക്കണം. കറൻസി നേരിട്ട് വാങ്ങാതെ ഗൂഗിൾ പേ ആയെന്ന് മാത്രം. വിലക്കയറ്റവും കൈക്കൂലിയും പെരുകുമ്പോൾ അഞ്ചു വർഷം മുമ്പത്തെ നിരക്കിൽ നിർമ്മിക്കുന്ന റോഡ് എങ്ങനെ പൊളിയാതിരിക്കും. അന്യസംസ്ഥാന തൊഴിലാളികൾ ഒരു കരാറുകാരന്റെ കീഴിൽ ജോലി ചെയ്യുന്നതിനിടയിൽ എന്ത് അത്യാഹിതം സംഭവിച്ചാലും സർക്കാർ കൈയൊഴിയും. സകല ഉത്തരവാദിത്വവും കരാറുകാരന്റെ ചുമലിലാണ്.
വില നിലവാരം ഇന്ന് (ബ്രായ്ക്കറ്റിൽ 2018ലേത്).
ഒരു ക്യൂബിക് അടി മെറ്റലിന് 50 (20) .
ഒരു ക്യൂബിക് അടി എം സാൻഡ് 60 (40).
ഒരു കിലോ ടാറിന് 65 (40).
ലോറി വാടക കൂട്ടി.
പെട്രോൾ, ഡീസൽ വില വർദ്ധനവിന്റെ പേരിൽ ലോറി വാടക കൂടി. വഴിയിൽ ലോറി തടഞ്ഞ് ജി എസ് ടിയും അധിക നികുതിയും ചുമത്തുന്നതിന്റെ പേരിൽ ക്വാറി ഉടമകൾ കരിങ്കൽ ഉത്പന്നങ്ങൾക്ക് പത്ത് ശതമാനം വില കൂട്ടി.
ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് എല്ലാ കാര്യത്തിലും പത്തു ശതമാനം മുൻഗണന നൽകുന്നതിന്റെ പേരിൽ നിരവധി തട്ടിപ്പ് സൊസൈറ്റികൾ ഉണ്ട്. ഇത് അവസാനിപ്പിക്കണം.
അനിൽ കെ കുര്യൻ (ആൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ്)
കരാറുകാരെ അവഗണിക്കുന്ന നയത്തിൽ നിന്ന് സർക്കാർ പിന്മാറണം. നിർമ്മാണ മേഖലയിലെ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണം.
എം.എസ്.ഷാജി (പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ക്ഷേമനിധി ബോർഡ് ചെയർമാൻ)