അടൂർ ചിത്രത്തിന്റെ 50-ാം വാർഷികത്തിന് പണം പിരിച്ചു നൽകാൻ പഞ്ചായത്തുകൾക്ക് നിർദേശം; വിവാദത്തിന്റെ കാര്യമില്ലെന്ന് മന്ത്രി എം ബി രാജേഷ്

Saturday 28 January 2023 7:47 PM IST

തിരുവനന്തപുരം: അടൂർ ചിത്രത്തിന്റെ അൻപതാം വാർഷികവുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങൾക്കായി പണപ്പിരിവ് നടത്താൻ ഗ്രാമ പഞ്ചായത്തുകളോട് നിർദേശിച്ചതിൽ വിശദീകരണവുമായി മന്ത്രി എം ബി രാജേഷ്. വിഷയത്തിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും പണം നൽകാനായി പത്തനംതിട്ടയിലെ പഞ്ചായത്തുകൾക്ക് അനുമതി നൽകുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അടൂർ ഗോപാലകൃഷ്ണൻ ചിത്രമായ സ്വയംവരത്തിന്റെ അൻപതാം വാർഷികം അടൂരിൽ വെച്ച് വിപുലമായി ആഘോഷിക്കാൻ തീരുമാനമെടുത്തിരുന്നു. ഇതിനായി പഞ്ചായത്തുകൾ അയ്യായിരം രൂപ വീതം പിരിച്ച് നൽകണമെന്നായിരുന്ന് ഉത്തരവ് . ഇതിൻപ്രകാരം പത്തനംതിട്ടയിലെ ഓരോ ഗ്രാമപഞ്ചായത്തുകളും 5,000 രൂപ വീതം പിരിച്ചുനൽണമെന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ എല്ലാ പഞ്ചായത്തുകളും നിർബന്ധമായും പണം നൽകേണ്ടതില്ലെന്നും താത്പര്യമുള്ളവർ നൽകിയാൽ മതിയെന്നുമാണ് മന്ത്രിയുടെ ഇപ്പോഴുള്ള വിശദീകരണം.

അതേസമയം തന്റെ ചിത്രത്തിന്റെ വാർഷികത്തോടനുബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളോട് പണം പിരിച്ചുനൽകാനുള്ള സർക്കാരിന്റെ ഉത്തരവിനെതിരെ അടൂർ ഗോപാലകൃഷ്ണനും രംഗത്തെത്തി. ഒരു പൈസയും ആഘോഷത്തിനായി പിരിക്കരുതെന്നും തന്റെയോ ചിത്രത്തിന്റെയോ പേരിൽ പണപ്പിരിവ് പാടില്ലെന്നും അദ്ദേഹം സംഘടകസമിതിയെ ഫോണിൽ ബന്ധപ്പെട്ട് അറിയിച്ചതായാണ് വിവരം.