വീൽചെയറിൽ ഗണേഷ് കുമാർ വായ കൊണ്ടു വരച്ചു ; തെളിഞ്ഞു ഭരണഘടനയുടെ ഉന്നതമൂല്യം

Saturday 28 January 2023 8:02 PM IST
കുഞ്ഞിമംഗലം ഗണേഷ് കുമാർ വായ കൊണ്ട് ചിത്രം വരയ്ക്കുന്നു.

ന്യൂമാഹി:വീൽചെയറിലിരുന്ന് ചുണ്ടുകൾക്കിടയിൽ ബ്രഷ് വച്ച് നിമിഷനേരം കൊണ്ട് കുഞ്ഞിമംഗലം ഗണേഷ് കുമാർ വരച്ച ചിത്രം കൈകാലുകളില്ലാത്ത ഒരാളുടേതാണെന്ന് കണ്ടുനിന്നവരല്ലാതെ ആരും പറയില്ല. ചുറ്റും കൂടിനിന്ന കലാകാരന്മാരും ആസ്വാദകരും അമ്പരപ്പും കൗതുകവുമായാണ് ഈ കലാകാരന്റെ പ്രകടനത്തിന് സാക്ഷികളായത്.

ന്യൂ മാഹി എം.എം ഹൈസ്കൂളിൽ ഒരു വർഷം നീളുന്ന ഭരണഘടനാ സാക്ഷരതായജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗസലിന്റെ പശ്ചാത്തലത്തിൽ ഗണേഷിന്റെ തൂലിക കാൻവാസിൽ വളർന്ന് പന്തലിച്ച് നിൽക്കുന്ന ജനാധിപത്യത്തിന്റെ വൻ മരവും അതിൽ ചേക്കേറിയ സമാധാനത്തിന്റെ പറവകളുമാണ് ചിത്രീകരിച്ചത്. മാറ്റങ്ങൾക്ക് തയ്യാറാവാത്ത മന:സ്ഥിതിയാണ് നാം മാറ്റേണ്ടതെന്നും ശത്രുക്കളെ നോക്കിയല്ല.തന്നിലേക്ക് തന്നെ നോക്കിയാണ് നാം ചിന്തകളെ ഉണർത്തേണ്ടതെന്നും ചിത്രകാരൻ പറഞ്ഞു.ചടങ്ങിൽ എം.എം.എജ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് അഡ്വ: ടി.ആസഫലി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ റീത്ത ടീച്ചർ, പ്രധാനാദ്ധ്യാപകൻ അസീസ്, യു.പി.സ്‌കൂൾ പ്രധാനാദ്ധ്യാപിക ബിന്ദു എന്നിവർ സംബന്ധിച്ചു.താഹിർ കൊമ്മോത്ത് സ്വാഗതം പറഞ്ഞു.