ഇൻഫർമേഷൻ സെന്റർ പൂട്ടി, അനൗൺസ്‌മെന്റ് നിർത്തി: ചുരുങ്ങി ചുരുങ്ങി കാസർകോട് റെയിൽവേ സ്റ്റേഷൻ
കാസർകോട് : ജില്ലാ ആസ്ഥാനമായിട്ടും കാസർകോട്ടെ സ്റ്റേഷനിൽ സൗകര്യങ്ങൾ ഒന്നിന് പിറകെ ഒന്നായി വെട്ടിച്ചുരുക്കി റെയിൽവേ.അറ്റകുറ്റപണിയുടെ പേരിൽ സ്റ്റേഷന്റെ തൊട്ടുമുന്നിൽ ഉണ്ടായിരുന്ന ഫുട് ഓവർ ബ്രിഡ്ജ് രണ്ടു മാസം മുമ്പ് പൂട്ടിയിട്ടതിന് പിന്നാലെ ഇൻഫർമേഷൻ സെന്റർ അടച്ചും മൈക്ക് അനൗൺസ്‌മെന്റ് നിർത്തലാക്കിയുമാണ് കേരളത്തിന്റെ വടക്കേയറ്റത്തോടുള്ള ഇഷ്ടക്കേട് റെയിൽവേ ഒന്നുകൂടി പ്രകടമാക്കിയിരിക്കുന്നത്.
ട്രെയിനുകളെ സംബന്ധിച്ച് അറിയാൻ റെയിൽവെ സ്റ്റേഷനിൽ ഉണ്ടായിരുന്ന രണ്ടു സംവിധാനങ്ങളും മുന്നറിയിപ്പില്ലാതെയാണ് നിർത്തലാക്കിയത്. വിവരകേന്ദ്രത്തിൽ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാരിൽ ഒരാളെ പാലക്കാട്ടേക്ക് മാറ്റി. മറ്റൊരാൾ ദീർഘകാല അവധിയിൽ പോയി. ഒരു ജീവനക്കാരൻ മാത്രമാണ് നിലവിലുള്ളത്. ഇൻഫർമേഷൻ കേന്ദ്രം പൂട്ടിയതോടെ യാത്രക്കാർ ട്രെയിനിൽ കയറിപ്പറ്റാൻ നെട്ടോട്ടം ഓടുകയാണ്. ദീർഘദൂര ട്രെയിനുകളിലെ റിസർവേഷൻ ടിക്കറ്റ് പ്രകാരം കോച്ച് പൊസിഷൻ അറിയാത്തതിനാൽ ട്രെയിനിൽ കയറാൻ പറ്റാതായ അനുഭവം പോലും കാസർകോട്ടുണ്ടായെന്ന് യാത്രക്കാരിൽ ഒരാൾ പറഞ്ഞു.
പരീക്ഷ എഴുതാൻ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും ജോലിക്ക് ഇന്റർവ്യൂവിന് ഹാജരാകാൻ പോകുന്ന ഉദ്യോഗാർത്ഥികൾക്കും വിവരങ്ങൾ കൃത്യമായി ലഭിക്കാത്തതിനാൽ അവസരങ്ങൾ നഷ്ടമായ ദുരനുഭവങ്ങളും ഇവിടെയുണ്ട്.സൗകര്യങ്ങൾ പുനഃസ്ഥപിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയും കാസർകോട്ടെ എം.എൽ.എമാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടും റെയിൽവെ അധികാരികൾ മുഖംതിരിക്കുകയാണ് .
ആ ട്രെയിനുകൾ ഇതുവഴിയെങ്കിൽ
തിരുവനന്തപുരം -കണ്ണൂർ ജനശതാബ്ദി എക്സ് പ്രസും ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് എക്സ് പ്രസും കണ്ണൂർ -എറണാകുളം ഇന്റർസിറ്റി എക്സ് പ്രസ് എന്നീ ട്രെയിനുകൾ നിലവിൽ കണ്ണൂരിൽ ഓട്ടം അവസാനിപ്പിച്ച് കെട്ടിക്കിടക്കുകയാണ്. ഈ ട്രെയിനുകൾ മംഗളൂരുവിലേക്ക് നീട്ടിയിരുന്നെങ്കിൽ കാസർകോട് ജില്ലക്കാർക്ക് വലിയ തോതിൽ ഉപകാരപ്പെടും. നിലവിൽ നേത്രാവതി എക്സ് പ്രസ് കടന്നുപോയിക്കഴിഞ്ഞാൽ പുലർച്ചെ രണ്ടിന് കണ്ണൂരിൽ എത്തുന്ന വെസ്റ്റ് കോസ്റ്റ് എക്സ് പ്രസ് മാത്രമാണ് കാസർകോട്ടേക്കുള്ള ട്രെയിൻ. രാത്രി പത്തരയോടെ എക്സിക്യൂട്ടീവ് എക്സ് പ്രസും ഒരു മണിക്കൂർ കഴിഞ്ഞുള്ള ജനശതാബ്ധി എക്സ് പ്രസും എത്തിക്കഴിഞ്ഞാൽ കാസർകോടുകാർക്ക് നാട് പിടിക്കാൻ കെ.എസ്.ആർ.ടി.സി ബസ് വരുന്നതു വരെ കാത്തുനിൽക്കണം. പല തവണ നിവേദനങ്ങൾ സമർപ്പിച്ചിട്ടും ശ്രദ്ധയിൽപെടുത്തിയിട്ടും റെയിൽവേ ഈ ആവശ്യം കേട്ട മട്ടില്ല.
കാസർകോട് റെയിൽവെ സ്റ്റേഷനോട് കടുത്ത അവഗണനയാണ് അധികാരികൾ കാണിക്കുന്നത്. ഉണ്ടായ സംവിധാനങ്ങളും വികസന പദ്ധതികളും നഷ്ടപ്പെടുന്നതിന് പിന്നിൽ റെയിൽവെയുടെ തലപ്പത്തുള്ള ഏതാനും ചില ഉദ്യോഗസ്ഥർ കാണിക്കുന്ന അലംഭാവമാണ്. ഓരോ പ്രശ്നങ്ങളും അതാത് സമയത്ത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നോക്കാം ചെയ്യാം എന്നുള്ള മറുപടി മാത്രമാണ് ലഭിക്കുന്നത്. ഇൻഫർമേഷൻ സെന്റർ എത്രയും വേഗത്തിൽ തുറന്നു നൽകണം .
ആർ. പ്രശാന്ത് കുമാർ
ക്രാസർകോട് റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ )