മദ്യലഹരിയിൽ യുവതിയെ കടന്നു പിടിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ; പ്രതി മുൻപ് പൊലീസ് സ്റ്റേഷനിലെത്തി പ്രശ്നമുണ്ടാക്കിയ ദൃശ്യങ്ങൾ പുറത്ത്
കാസർകോട്: വീട്ടിൽ അതിക്രമിച്ച് കടന്ന് യുവതിയെ കടന്നുപിടിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ഇന്നലെ കാസർകോട് കാഞ്ഞങ്ങാട്ടുണ്ടായ സംഭവത്തിൽ വി പി പ്രദീപനെതിരെയാണ് വകുപ്പുതല നടപടിയുണ്ടായത്. ശ്രീകണ്ഠപുരം സ്വദേശിയായ ഇയാൾ കണ്ണൂർ എ ആർ ക്യാംപിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ്. മദ്യലഹരിയിലാണ് പ്രതി കൃത്യം നിർവഹിച്ചത്.
പരാതിക്കാരിയായ യുവതിയുമായി പ്രദീപന് അഞ്ച് വർഷത്തിലധികം പരിചയമുള്ളതായാണ് വിവരം. പ്രതി കാഞ്ഞങ്ങാട് സ്റ്റേഷനിൽ പ്രവർത്തിച്ച് വന്ന സമയത്ത് യുവതിയുടെ അമ്മയുമായി സാമ്പത്തിക ഇടപാട് പുലർത്തിയിരുന്നു. കൊവിഡ് കാലത്ത് ഇവർക്ക് നൽകിയ പണം തിരികെ ചോദിക്കുന്നതിനിടയിലാണ് പ്രതി യുവതിയെ കടന്നുപിടിച്ചത്. ബഹളം കേട്ടെത്തിയ നാട്ടുകാർ ഇയാളെ തടഞ്ഞുവയ്ക്കുകയും തുടർന്ന് ഹൊസ്ദുർഗ് പൊലീസെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അറസ്റ്റിനെ തുടർന്ന് സ്റ്റേഷനിലെത്തിച്ച പ്രതി ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. ഇയാൾക്കെതിരെ സമാന സ്വഭാവത്തിലുള്ള മറ്റുകേസുകളുള്ളതായി സേനയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരുന്നു. കണ്ണൂർ ജില്ലയിലും കാസർകോടുമായാണ് പ്രദീപനെതിരെയുള്ള മറ്റ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേ സമയം പ്രതി 2021-ൽ പരിയാരം പൊലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി തർക്കിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അന്നത്തെ സംഭവത്തിൽ ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല.