അടൂർ റെസ്റ്റ് ഹൗസിലെ ക്വട്ടേഷൻ മർദ്ദനം; മുറിയെടുത്തു നൽകിയ താത്‌കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു

Saturday 28 January 2023 8:56 PM IST

തിരുവനന്തപുരം: അടൂർ സർക്കാ‌ർ റെസ്റ്റ് ഹൗസിൽ നടന്ന ക്വട്ടേഷൻ മർദ്ദനവുമായി ബന്ധപ്പെട്ട് താത്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു. ക്വട്ടേഷൻ സംഘത്തിന് ക്രമവിരുദ്ധമായി മുറിയെടുത്ത് നൽകിയ ജീവനക്കാരൻ രാജീവ് ഖാനെയാണ് പിരിച്ചുവിട്ടത്. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടേതാണ് ഉത്തരവ്. കൊച്ചിയിൽ നിന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി സർക്കാർ റെസ്റ്റ് ഹൗസിൽ എത്തിച്ച് മർദ്ദിക്കുകയായിരുന്നു. കേസിൽ കൊല്ലം സ്വദേശികളായ പ്രതീഷ്,​ അക്ബർ ഷാ,​ പത്തനംതിട്ട സ്വദേശി വിഷ്ണു,​ എറണാകുളം സ്വദേശികളായ സുബീഷ്,​ ലിജോ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചെങ്ങന്നൂർ സ്വദേശി ലിബിൻ വർഗീസിനെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. കാക്കനാട് നിന്ന് ലിബിനെയും ഭാര്യയെയും കാറിൽ കയറ്റി കൊണ്ടുപോയ ശേഷം ഭാര്യയെ കാക്കനാട് കിൻഫ്ര പരിസരത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് ഭാര്യ ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകി. ഇതിനിടെ പ്രതികൾ ലിബിന്റെ സഹോദരനെ വിളിച്ച് 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അടൂർ റെസ്റ്റ് ഹൗസിലാണ് അക്രമി സംഘം ഉള്ളതെന്ന് കണ്ടെത്തിയത്. ഇൻഫോ പാർക്ക് പൊലീസ് അറിയിച്ചതനുസരിച്ച് അടൂർ പൊലീസ് റസ്റ്റ് ഹൗസിലെത്തി ലിബിൻ വർഗീസിനെ മോചിപ്പിക്കുകയും മൂന്നു പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഘത്തിന്റെ മർദ്ദനത്തിൽ തലയോട്ടിക്കടക്കം ഗുരുതര പരിക്കേറ്റ ലിബിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

പ്രതികളിൽ ചിലരുമായി മർദ്ദനമേറ്റ ലിബിന് ഇടപാടുകളുണ്ടായിരുന്നു,​ ഇവരിൽ നിന്ന് കാർ വാടകയ്ക്ക് എടുത്ത് അത് കൊച്ചിയിലെ കഞ്ചാവ് വില്പന സംഘത്തിന് മറിച്ച് വിറ്റതാണ് തർക്കത്തിന് കാരണം.