ഇരുവരും വളർന്നത് സർക്കാർ ചിൽഡ്രൺഹോമിൽ അനാഥരല്ല, ആര്യയും ബിജും ജീവിതവഴിയിൽ ഒന്നിച്ച്

Saturday 28 January 2023 9:27 PM IST

പേരാവൂർ: ജീവിതത്തിൽ ഇതുവരെയുണ്ടായ അനാഥത്വത്തിന് ടാറ്റ കൊടുത്ത് അവർ പരസ്പരം കൈകോർത്തു. എറണാകുളം സർക്കാർ ചിൽഡ്രൻസ് ഹോമിൽ വളർന്ന ആര്യയും കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ വളർന്ന ബിജുവും പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വച്ചാണ് ഒരുമിച്ചത്.

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ വച്ചായിരുന്നു ഇരുവരും ആദ്യമായി കണ്ടത്. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറി. പതിനെട്ട് വയസ്സ് പൂർത്തിയയതോടെ ബിജു കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും തൊഴിൽ തേടി പുറത്തേക്ക് പോയി. ഇരുപത്തിയൊന്നു വയസ് പൂർത്തിയായതോടെ ആര്യയും.പേരാവൂർ കുനിത്തലയിലെത്തിയ ബിജു ടൈൽസ് പാകുന്ന ജോലി ചെയ്തുവരികയായിരുന്നു. കുനിത്തലയിൽ ഒരു വാടക വീട്ടിലാണ് താമസം. വിവരമറിഞ്ഞ സുഹൃത്തുക്കൾ അനാഥരായ ഇരുവരെയും ഒന്നിപ്പിക്കാൻ നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. അങ്ങനെയാണ് പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രം ഇവരുടെ വിവാഹത്തിന് വേദിയായത്.

ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ബിജു ആര്യക്ക് മിന്നു ചാർത്തി.കുനിത്തല നിവാസികളായ സി.സനീഷ്, സുനീഷ് നന്ത്യത്ത്, ബിനു മങ്ങംമുണ്ട, സനൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്.