വിനോദസഞ്ചാരികൾക്ക് ഉത്തരായനം: ഗുണ്ടർട്ടിന് അക്ഷരസ്മാരകം

Saturday 28 January 2023 9:43 PM IST

കണ്ണൂർ: ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക പദ്ധതിയിൽ ഉൾപ്പെടുന്ന പദ്ധതികളായ ഗുണ്ടർട്ട് ബംഗ്ലാവ് മ്യൂസിയം, തലശ്ശേരി സെന്റ് ആംഗ്ലിക്കൻ ചർച്ച്, താഴെ അങ്ങാടി സ്ട്രീറ്റ് എന്നിവ ഉത്തരമലബാറിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രങ്ങളായി മാറുകയാണ്. ജർമ്മൻകാരനായ അക്ഷരസ്‌നേഹി ഡോ.ഹെർമൻ ഗുണ്ടർട്ടിന്റെ സ്മരണകൾ തുടിക്കുന്ന തലശ്ശേരി നിട്ടൂർ ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവിൽ 'ഗുണ്ടർട്ട് ബംഗ്ലാവ് ഡെവലപ്‌മെന്റ് ഓഫ് കംപോണന്റ്‌സ്'എന്ന സ്വപ്നപദ്ധതി 4.34 കോടി രൂപ ചെലവഴിച്ചാണ് യാഥാർത്ഥ്യമാക്കിയത്. മലയാളത്തിലെ ആദ്യവർത്തമാനപത്രം പിറന്ന ഇല്ലിക്കുന്ന് ബംഗ്ലാവ് മലയാള ഭാഷയെയും സംസ്‌കാരത്തെയും മാദ്ധ്യമ ചരിത്രത്തെയും അടുത്തറിയാനുള്ള അറിവ് പകരുന്നതോടൊപ്പം ഇംഗ്ലീഷ്, ജർമൻ തുടങ്ങിയ വിദേശ ഭാഷ കുതുകികളായ ചരിത്രവിദ്യാർത്ഥികൾക്കും പ്രയോജനപ്പെടും.ജർമനിയിലെ സർവകലാശാലകളുമായി ചേർന്ന് ഭാഷാപഠനത്തിനും ഗവേഷണത്തിനും ഇവിടെ സൗകര്യവുമുണ്ടാവും.

2.13 കോടി രൂപയുടെ ഒന്നാംഘട്ട പദ്ധതി പൂർത്തീകരണത്തിന്റെ ഉദ്ഘാടനം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. രണ്ടാംഘട്ടത്തിൽ 2.21 കോടി രൂപയ്ക്കാണ് ടൂറിസം വകുപ്പ് ഭരണാനുമതി നൽകിയത്. പദ്ധതിയുടെ ഭാഗമായി സ്റ്റോറിലൈൻ ക്രിയേഷൻ, കണ്ടന്റ് ആൻഡ് ഗ്രാഫിക് ക്രിയേഷൻ, ഓഡിയോ അഡ്രസ് സിസ്റ്റം, വൈദ്യുതീകണം, ഫയർ അലാറം സിസ്റ്റം, എ.വി എക്‌സിപീരിയൻസ് (ഹാർഡ് വെയർ ആൻഡ് സോഫ്റ്റ് വെയർ ഇന്റഗ്രേഷൻ) എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. പഴയ ബംഗ്ലാവിന്റെ തനിമ നിലനിർത്തിയാണ് നവീകരണം പൂർത്തിയാക്കിയത്.

40.95 കോടിയുടെ ടൂറിസം പദ്ധതികൾ

തലശ്ശേരി പൈതൃക ടൂറിസത്തിന് 40.95 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയുടെ അനുമതി. വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 11 ആരാധനാലയങ്ങളിലെ സൗകര്യം വിപുലപ്പെടുത്താനും വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനത്തിനുമാണ് തുക അനുവദിച്ചത്.പഴശ്ശി കോവിലകം നവീകരണത്തിനും കളരിവീടിനും തുക അനുവദിച്ചു.

പദ്ധതി തു

തലശ്ശേരി ഓടത്തിൽപള്ളി പാരീസ് ഹോട്ടൽ തെരുവ് ₹92,10,856

തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം ₹2,43,86,244

തലശ്ശേരി ജഗന്നാഥക്ഷേത്രം₹3,79,99,804,

കൊട്ടിയൂർ ക്ഷേത്രം ₹3,16,79,939

തലശ്ശേരി ഇല്ലിക്കുന്ന് ചർച്ച് ₹2,47,12,467-

അണ്ടലൂർക്കാവ് ₹1,69,78,465-

മക്രേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം ₹3,03,27,357

കക്കുളങ്ങര പള്ളി ₹1,03,18,271

തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയം തലശ്ശേരി പൈതൃക ടൂറിസം ഓഫീസ് ₹1,01,72,845

കോട്ടയം മലബാർ പഴശ്ശി കോവിലകം ₹3,66,40,000

വിനോദസഞ്ചാരികൾക്ക് സൗകര്യമൊരുക്കാൻ ₹2,27,77,686

പൈതൃക തെരുവുകൾ സൗന്ദര്യവത്കരിക്കൽ₹3,14,37751

കളരിവീട് ₹1,31,63,138

( തുടരും)​