കെഎസ്ആർടിസി ബസിൽ ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനം: പ്രതി അറസ്റ്റിൽ

Sunday 29 January 2023 2:50 AM IST

ചാലക്കുടി: കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിൽ കണ്ടക്ടറെയും വനിതാ ഡ്രൈവറെയും മർദ്ദിച്ച യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൈനകിരി പത്തിൻചിറ വീട്ടിൽ രഞ്ജിത്തിനെയാണ് (39) സി.ഐ: കെ.എസ്.സന്ദീപ് അറസ്റ്റ് ചെയ്തത്. കെ.എസ്.ആർ.ടി.സിയിലെ സംസ്ഥാനത്തെ ഏക വനിതാ ഡ്രൈവർ കോതമംഗലം സ്വദേശി വി.പി. ഷീല(49), ചാലക്കുടി ഡിപ്പോയിലെ കണ്ടക്ടർ പട്ടാമ്പി സ്വദേശി പൊയ്‌ലൽമാരി പി. സത്യനാരായണൻ (50) എന്നിവർക്കാണ് മർദ്ദനമേറ്റത്.

വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് പോട്ടയിൽ വച്ചായിരുന്നു സംഭവം. പേരാമ്പ്രയിൽ വച്ച് ബസിൽ കയറിയ രഞ്ജിത്ത് ടിക്കറ്റിന് പണം നൽകാത്തതിനെ തുടർന്ന് തർക്കമുണ്ടായി. ഇതിനിടെ കണ്ടക്ടറെ ഇയാൾ മർദ്ദിക്കുകയായിരുന്നു. ഇതിനിടെ ബസ് നിറുത്തി കണ്ടക്ടറെ രക്ഷിക്കാനെത്തിയതാണ് ഡ്രൈവർ. ഇവരുടെ മുഖത്തടിക്കുകയും കൈപിടിച്ചു വളയ്ക്കുകയും ചെയ്തു. ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർക്ക് അക്രമം തടയാനായില്ല.

ബസിനകത്തു തടഞ്ഞുവച്ച അക്രമിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച പ്രതി പിന്നീട് അക്രമാസക്തനാവുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു. ആലപ്പുഴ ജില്ലയിൽ ഇയാളുടെ പേരിൽ ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.