നെല്ലു കൊണ്ടുപോയ മി​ടുക്ക് കാശി​ന്റെ കാര്യത്തിൽ മറന്നു!

Sunday 29 January 2023 1:39 AM IST

ആലപ്പുഴ: കുട്ടനാട്, അപ്പർകുട്ടനാട്, കരിനിലങ്ങൾ എന്നി​വി​ടങ്ങളി​ൽ രണ്ടാം കൃഷിയുടെ വിളവെടുപ്പിന്റെ അവസാന നാളുകളിൽ സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തതിനെത്തുടർന്ന് കർഷകർ പ്രതിസന്ധിയിൽ. 40.89 കോടിയാണ് ഇനിയും നൽകാനുള്ളത്.

പാഡി റെസീപ്റ്റ് ഷീറ്റ് (പി.ആർ.എസ്) ലഭിച്ച 1000ൽ അധികം കർഷകർക്ക് നെല്ല് വില നൽകി​യി​ട്ടി​ല്ല. സംഭരണം പൂർത്തീകരിച്ച കർഷകർ പി.ആർ.എസും അപേക്ഷയും പാഡി ഓഫീസിൽ എത്തിച്ചാൽ നെല്ലിന്റെ വില ഏഴ് ദിവസത്തിനുള്ളിൽ അക്കൗണ്ടിലെത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും മൂന്ന് മാസം കഴിഞ്ഞിട്ടും പണം ലഭിച്ചിട്ടില്ല. മതിയായ ഫണ്ട് ഇല്ലാത്തതാണ് പ്രശ്‌നം. കേന്ദ്ര-സംസ്ഥാന ഫണ്ട് കൃത്യമായി കൈമാറിയിട്ടില്ല. പലിശയ്ക്കും ബാങ്ക് ലോണെടുത്തും കൃഷിയിറക്കിയ കർഷകരാണ് നെല്ലുവില കിട്ടാത്തതിനെ തുടർന്ന് വലയുന്നത്.

കിലോഗ്രാമിന് 28.20 രൂപയ്ക്കാണ് ഇപ്പോൾ നെല്ല് സംഭരിക്കുന്നത്. ആലപ്പുഴ നഗരസഭയിലെ കന്നിട്ടേൽ, കരുവേലി, ഉൾപ്പെടെയുള്ള പാടശേഖരങ്ങളിലും മങ്കൊമ്പ്, എടത്വ, ഇല്ലിച്ചിറ തുടങ്ങിയ പാടശേഖരങ്ങളിലെയും കർഷകർക്കാണ് പണം ലഭി​ക്കാത്തത്. കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കുമ്പോൾ സംസ്ഥാന വിഹിതം വൈകുന്നതാണ് ഇപ്പോഴത്തെ തടസത്തിന് കാരണം.

സംഭരിച്ച നെല്ലിന്റെ വില ഏഴ് ദിവസത്തിനുള്ളിൽ നൽകുമെന്നുള്ള വാക്ക് പാലിക്കാൻ മന്ത്രി തയ്യാറാകണം. നെല്ലുവില കാലതാമസം കൂടാതെ വിതരണം ചെയ്യണം

സി.കെ.ബാലു, കർഷകൻ

നെല്ല് സംഭരണത്തിൽ സംസ്ഥാന സർക്കാർ നെൽ കർഷകരെ ചതിക്കുകയാണ്. നെല്ലിന്റെ പണം അക്കൗണ്ടിലേക്ക് സപ്ലൈകോ നേരിട്ട് നൽകണം

ബേബിപാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, നെൽ-നാളികേര കർഷക ഫെഡറേഷൻ

Advertisement
Advertisement