ചുവരിൽ സന്ദേശ ചിത്രങ്ങൾ വരച്ച് വിദ്യാർത്ഥിനികൾ

Sunday 29 January 2023 1:41 AM IST
ചുവരിൽ ഊർജ്ജ സന്ദേശ ചിത്രങ്ങൾ ഒരുക്കുന്ന സെന്റ് ജോസഫ്സ് കോളേജിലെ വിദ്യാർത്ഥിനികൾ

ആലപ്പുഴ: ഊർജ്ജ സംരക്ഷണത്തിന്റെ സന്ദേശങ്ങൾ ചുവരിൽ കോറിയിട്ട് സെന്റ് ജോസഫ്സ് കോളേജിലെ വിദ്യാർത്ഥിനികൾ. സംസ്ഥാന സർക്കാരിന്റെ ഊർജ്ജ കിരൺ പദ്ധതിയുടെ ഭാഗമായി എനർജി മാനേജ്മെന്റ് സെന്റർ, സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്പമെന്റ്, ബ്യൂറോ ഒഫ് എനർജി എഫിഷൻസി എന്നിവയുടെ സഹകരണത്തോടെ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ്, ജോസഫിയൻ എനർജി ക്ലബ്, കോളേജ് യൂണിയൻ എന്നിവ സംയുക്തമായാണ് ആലപ്പുഴ മുഹമ്മദൻസ് ബോയ്സ് സ്‌കൂൾ, പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ചുവർ ചിത്രരചന സംഘടിപ്പിച്ചത്.

വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ സ്‌കൂൾ ചുവരിന് പുതിയ മുഖം നൽകി. ഊർജ്ജ സംരക്ഷണത്തിന്റെ പ്രധാന്യം പൊതുജനങ്ങളിൽ എത്തിക്കുകയാണ് ചുവർ ചിത്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്. 27 വിദ്യാർത്ഥികൾ ചുമർചിത്രരചനയിൽ പങ്കാളിയായി. മലിനീകരണം കുറയ്ക്കുക, പ്ലാസ്റ്റിക് ദുരുപയോഗം തടയുക, കടൽ മലിനീകരണം കുറയ്ക്കുക, വിവിധ ഊർജ സംരക്ഷണ മാർഗ്ഗങ്ങൾ, എൽ.ഇ.ഡി ഉപയോഗം തുടങ്ങി ഊർജ്ജ സംരക്ഷണത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും വിവിധ തലങ്ങളാണ് ചിത്രങ്ങളിലുള്ളത്. ജോസഫിയൻ എനർജി ക്ലബ്ബ് കോ-ഓർഡിനേറ്ററും ഫിസ്‌ക്സ് വിഭാഗം മേധാവിയുമായ ഡോ. റോസ് ലീനാ തോമസ്, എൻ.എസ്.എസ്. കോ-ഓർഡിനേറ്റർമാരായ ഡോ. സിസ്റ്റർ ബിൻസി ജോൺ, ഫെബി, പ്രൊഫ. ഡോ. മേരി റിയ തുടങ്ങിയവർ നേതൃത്വം നൽകി.