ലഹരിക്കടത്ത് പിടിച്ചത് വേഷം മാറിയെത്തി എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ

Sunday 29 January 2023 3:05 AM IST

കാസർകോട്: കാറിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എ മയക്കുമരുന്ന് വേഷം മാറി എത്തിയ എക്‌സൈസ് സംഘം പിടിച്ചു. കൊലക്കേസ് പ്രതിയടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തു. കുമ്പള ബംബ്രാണയിലെ അബ്ദുൽ റുമൈസ് (27), പെരിങ്കടിയിലെ എം.കെ. മുസ്തഫ (29) എന്നിവരാണ് അറസ്റ്റിലായത്.

അഞ്ച് വർഷം മുമ്പ് ഉപ്പള ബേക്കൂർ ചിമ്പറത്തെ പെയിന്റിംഗ് തൊഴിലാളി ഉപ്പള ബേക്കൂരിലെ മുഹമ്മദ് അൽത്താഫിനെ ഉപ്പളയിൽ നിന്ന് കാറിൽ തട്ടികൊണ്ടു പോയി കർണാടകയിൽ വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് റുമൈസ് എന്ന് എക്‌സൈസ് സംഘം പറഞ്ഞു. പ്രതികൾ സഞ്ചരിച്ച മാരുതി ആൾട്ടോ കാറിൽ നിന്ന് 0.69 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചത്. കാർ കസ്റ്റഡിയിലെടുത്തു.

കാസർകോട് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് നാർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് സംഘമാണ് വേഷം മാറിയെത്തി മയക്കുമരുന്ന് കടത്ത് പിടിച്ചത്. ഉപ്പള ടൗണിൽ കാറിൽ സഞ്ചരിച്ച സംഘത്തെ സംശയം തോന്നി തടഞ്ഞുനിർത്തി കാർ പരിശോധിക്കുകയായിരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ പി.ജി. രാധാകൃഷ്ണൻ, പ്രിവന്റീവ് ഓഫീസർ അഷറഫ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ. സതീഷൻ, സി. അജീഷ്, എം.കെ. നസ്റുദ്ദീൻ, വി. മഞ്ചുനാഥൻ, ഡ്രൈവർ ദിജിത് കുമാർ എന്നിവർ പരിശോധക സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.