കാനായിക്കൊപ്പരം നാട്ടുകൂട്ടം

Saturday 28 January 2023 11:26 PM IST

കാഞ്ഞങ്ങാട്: ശില്പകലയിൽ ലോക പ്രശസ്തി നേടിയ കാനായി കുഞ്ഞിരാമൻ പുല്ലൂരിലെ നാട്ടുകൂട്ടത്തിൽ ഇന്ന് മനസ് തുറക്കും. പുല്ലൂർ വണ്ണാർവയലിലെ അഡ്വ.പി.കൃഷ്ണൻ നായർ മെമ്മോറിയിൽ ലൈബ്രറി, ചിത്രകാർ കേരളയുമായി സഹകരിച്ചാണ് കാനായിക്കൊപ്പരം നാട്ടുകൂട്ടം എന്ന നൂതന ചിത്ര ശില്പശാല ആവിഷ്‌കരിക്കുന്നത് . രാവിലെ ഒൻപതരക്ക് കാനായി കുഞ്ഞിരാമൻ ശില്പശാല ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സി.എച്ച്. കുഞ്ഞമ്പു എംഎൽഎ കാനായി കുഞ്ഞിരാമനെ ആദരിക്കും. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരാണ് ശില്പശാല നയിക്കുന്നത്. ചിത്രകാർ കേരളയിലെ ചിത്രകാരന്മാരുടെ ചിത്ര പ്രദർശനം, കാനായിയും കുട്ടികളും തമ്മിലുള്ള നാട്ടുവർത്താനം, കലാവർത്തമാനം, തൽസമയ പ്രകൃതി ചിത്രവര എന്നിവ ഉണ്ടാവും. ചിത്രകാരന്മാരും നൂറിൽ പരം ചിത്രകലാ വിദ്യാർത്ഥികളും നാട്ടുകാരും കലാ സ്‌നേഹികളും ശില്പശാലയിൽ പങ്കെടുക്കും. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷൻ, മേൽപറമ്പ സി.ഐ. ഉത്തംദാസ് ശില്പശാലയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.