'കൂടെ'യിൽ മിന്നും താരങ്ങളായി ജെറിനും സുരിലും

Saturday 28 January 2023 11:39 PM IST
കളക്ടർ ഹരിത വി. കുമാറിനോട് തമാശ പറയുന്ന ജെറിൻ

തൃശൂർ : എരിവും പുളിയും സമാസമം ചാലിച്ച വിവിധതരം അച്ചാറുകളുമായാണ് അത്താണി പോപ്പ് പോൾ മേഴ്‌സി ഹോമിലെ വിദ്യാർത്ഥി ജെറിൻ ഇല്ലിക്കൽ 'കൂടെ' മേളയിലെത്തിയത്. പാചകം മാത്രമല്ല പേപ്പർബാഗും കരകൗശല വസ്തുക്കളും ജെറിന്റെ കൈകളിൽ ഭദ്രം. കളക്ടർ ഹരിതവി.കുമാർ മേള സന്ദർശിക്കാനെത്തിയപ്പോൾ പാട്ടുപാടിയും മിമിക്രി അവതരിപ്പിച്ചും കൈയടി നേടി ജെറിൻ. ജില്ലാ ഭരണകൂടം സസ്‌നേഹം തൃശൂർ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രദർശന വിപണന മേള ജെറിനെപോലെ അനേകരുടെ കഴിവുകളുടെ മാറ്റുരയ്ക്കലായി. കാര്യാട്ടുകര എ.എം.എച്ച് എയിലുള്ള വിദ്യാർത്ഥികളായ സുരിൽ, ഗിരീഷ് എന്നിവർ ചിരട്ടയിൽ നിർമ്മിച്ച ചായ ഗ്ലാസും പൂച്ചെടികളുമായാണ് വന്നത്. രണ്ടു ദിവസമായി നടന്ന മേളയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. 80,000 രൂപയുടെ വിറ്റുവരവുണ്ടായി. സബ് കളക്ടർ മുഹമ്മദ് ഷഫീഖ്, ബിനി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.