സ്പോർട്സ് ഹബ്ബാകാൻ ഏഴ് കോടിയുടെ മൈതാനം

Saturday 28 January 2023 11:42 PM IST
ഇൻഡോർ സ്റ്റേഡിയം

തൃശൂർ: കായിക കേരളത്തിന് കുതിപ്പ് പകർന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക മത്സരം നടത്താനും മികച്ച കായികതാരങ്ങളെ വാർത്തെടുക്കാനും കുന്നംകുളം സീനിയർ ഗ്രൗണ്ടും വോളിബാൾ, ബാസ്‌കറ്റ് ബാൾ, ഷട്ടിൽ മത്സരങ്ങൾക്കായി ഇൻഡോർ സ്റ്റേഡിയവും തയ്യാർ.

ഏഴ് കോടിയാണ് സീനിയർ ഗ്രൗണ്ടിന്റെ വിവിധ വികസന പദ്ധതികൾക്കായി ചെലവഴിച്ചത്. സംസ്ഥാന കായിക വകുപ്പ് തുക അനുവദിച്ച് നിർമ്മിക്കുന്ന ബോയ്‌സ് സ്‌കൂൾ പ്രാക്ടീസ് ഗ്രൗണ്ടിന്റെ നിർമ്മാണവും അന്തിമഘട്ടത്തിലാണ്. കുന്നംകുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിന്റെ റബ്ബർ ലെയറിംഗ് പൂർത്തീകരിച്ചു. സ്‌കൂൾ ഗ്രൗണ്ടിൽ നിർമ്മാണം പൂർത്തിയായ ഫുട്ബാൾ ഗ്രൗണ്ടിന് ചുറ്റുമാണ് 400 മീറ്റർ നീളത്തിലുള്ള സിന്തറ്റിക് ട്രാക്ക് സജ്ജീകരിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്‌പോർട്‌സ് ടെക് എന്ന സ്ഥാപനമാണ് സംസ്ഥാന കായിക വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവൃത്തികൾ നിർവഹിക്കുന്നത്. ലൈൻ മാർക്കിംഗും കമ്പനിയാണ് നിർവഹിച്ചത്. ലൈൻ ട്രാക്കിന് പുറമേ ജമ്പിംഗ് പിറ്റ്, പവലിയൻ എന്നിവയും പവലിയന് താഴെ ഡ്രസിംഗ് റൂം, ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങളും ഏർപ്പെടുത്തി. ഇവയുടെ പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്. ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് കുന്നംകുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ ദേശീയ അത്‌ലറ്റിക് മത്സരങ്ങൾ നടത്തുംവിധം പദ്ധതി ആവിഷ്‌കരിക്കുന്നത്. ബോക്‌സിംഗ് സൗകര്യങ്ങൾ, ഇന്റീരിയർ പെയ്ന്റിംഗ്, പെൺകുട്ടികളുടെ ടോയ്‌ലറ്റ് തുടങ്ങിയവ പൂർത്തീകരിച്ചിട്ടുണ്ട്.

മാറിയത് ഡ്രൈവിംഗ് ടെസ്റ്റിനുള്ള ഗ്രൗണ്ട്

കാലങ്ങളായി ഡ്രൈവിഗ് ടെസ്റ്റിന് മാത്രമായി ഉപയോഗിച്ച് വന്നിരുന്ന ഗ്രൗണ്ടാണ് ഗവ. ബോയ്‌സ് സ്‌കൂൾ വിദ്യാർത്ഥികളുടെ പ്രാക്ടീസ് ഗ്രൗണ്ടായി മാറിയത്. നിർമ്മാണ പ്രവർത്തനം അന്തിമഘട്ടത്തിലാണ്. മനോഹരമായ ചുറ്റുമതിൽ നിർമ്മാണം പൂർത്തീകരിച്ചു. ഇന്റർലോക്ക് പ്രവൃത്തി പുരോഗമിക്കുകയാണ്. നീന്തൽക്കുളം നിർമ്മാണത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. എ.സി മൊയ്തീൻ എം.എൽ.എയുടെ താല്പര്യ പ്രകാരമാണ് പദ്ധതികൾ കുന്നംകുളത്ത് നടപ്പിലാക്കുന്നത്.

ക്രമീകരണങ്ങൾ ഇങ്ങനെ

450 പേർക്കുള്ള ഗാലറി 50 ലക്ഷം നിർമ്മാണച്ചെലവ് 50 ലക്ഷം ഇൻഡോർ സ്റ്റേഡിയം നവീകരണം 35 ലക്ഷം പ്രാക്ടീസ് ഗ്രൗണ്ടിന്റെ വികസനത്തിന്

കുതിച്ചുയരാൻ സ്‌പോർട്‌സ് ഡിവിഷനും

മദ്ധ്യകേരളത്തിന്റെ കായിക കുതിപ്പിനായി കുന്നംകുളത്ത് ആരംഭിച്ച സ്‌പോർട്‌സ് ഡിവിഷനും പ്രചോദനമാകും. കായിക വിദ്യാർത്ഥികൾക്ക് റസിഡൻഷ്യലായി സമഗ്ര കായിക പരിശീലനം നൽകാവുന്ന സംവിധാനമാണ് സ്‌പോർട്‌സ് ഡിവിഷനിൽ സജ്ജമാക്കിയത്. കുന്നംകുളം ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച തൃശൂർ സ്‌പോർട്‌സ് ഡിവിഷന്റെ പദ്ധതി കുന്നംകുളം ഗവ.മോഡൽ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലാണ് വിഭാവനം ചെയ്തത്. ഏഴ്, എട്ട് ക്ലാസുകളിലായി 30 വീതം വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ച് ആദ്യഡിവിഷൻ ആരംഭിച്ചു. പരിശീലകരെയും, ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. കായിക ഉപകരണങ്ങളും സ്‌പോർട്‌സ് കിറ്റും തയ്യാറാക്കി.