ക്ഷയരോഗ വിഭാഗം അടച്ചു പൂട്ടാൻ നീക്കം

Saturday 28 January 2023 11:47 PM IST

തൃശൂർ : മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലെ നെഞ്ചു രോഗാശുപത്രിയിൽ പ്രവർത്തിക്കുന്ന ക്ഷയ രോഗ വിഭാഗം അടച്ചുപൂട്ടാൻ നീക്കമെന്ന് പരാതി. ക്ഷയരോഗ വിഭാഗത്തിലെ രണ്ട് മെഡിക്കൽ ഓഫീസർമാരെ സ്ഥലം മാറ്റിയതോടെയാണ് പ്രവർത്തനം വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമാണിതെന്നും അടച്ചുപൂട്ടലിന് മുന്നോടിയാണെന്നും പരാതി ഉയർന്നത്.

ജോലിയുടെ ഭാഗമായുള്ള ക്രമീകരണമെന്ന പേരിലാണ് ഈ മാറ്റം. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള നിരവധി പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ജില്ലയിലെ ഏക കിടത്തി ചികിത്സാ കേന്ദ്രവുമാണ്. ആരോഗ്യ വകുപ്പിന്റെയും മെഡിക്കൽ കോളേജ് പൾമനറി വിഭാഗത്തിന്റെയും സംയുക്ത നിയത്രണത്തിലാണ് പ്രവർത്തനം. ഡോക്ടർമാരെ മാറ്റുന്നത് ക്ഷയരോഗ വിഭാഗത്തിന്റെ പ്രവർത്തനത്തെ താളം തെറ്റിക്കുമെന്ന് പൾമണറി വിഭാഗം ബന്ധപ്പെട്ടവർക്ക് മുന്നിൽ ആശങ്ക അറിയിച്ചിരുന്നു.

കിടത്തി ചികിത്സിച്ചത് 266 പേരെ

കഴിഞ്ഞവർഷം മാത്രം 266 പേരെയാണ് കിടത്തി ചികിത്സിച്ചത്. ഇതിൽ ആറ് പേർ ഗുരുതര രോഗമുള്ളവരായിരുന്നു. സാധാരണ മരുന്നുകൾ പോരാത്ത എം.ഡി.ആർ ടി.ബി ഗണത്തിൽപെട്ട രോഗികളാണിവർ. രണ്ട് വർഷം വരെ തുടർച്ചയായ ചികിത്സയുണ്ടെങ്കിലേ ആശ്വാസം ലഭിക്കൂ. ദിനംപ്രതി ശരാശരി മുപ്പത് പേരാണ് ഒ.പിയിലെത്തുന്നത്. ആറ് പേരാണ് നിലവിലെ ഡോക്ടർമാർ. 30 ഓളം പേർക്ക് ഇത്ര ഡോക്ടർമാർ വേണ്ടയെന്ന നിലപാടും ആരോഗ്യ വകുപ്പിനുണ്ട്. ആറു പേരും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരല്ല. ഈ ഡോക്ടർമാരുടെ സേവനം പൂർണമായും രോഗികൾക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉന്നയിക്കുന്നുണ്ട്.

സൗകര്യങ്ങൾ കുറയ്ക്കരുതെന്ന് വിധി

ടി.ബി സെന്ററിലുള്ള സൗകര്യം ഒരു തരത്തിലും കുറയ്ക്കാൻ പാടില്ലെന്ന് 2008ൽ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. അന്ന് ഡോക്ടർമാരുടെ എണ്ണം വെട്ടിച്ചുരുക്കിയപ്പോൾ പ്രതിഷേധം ഉയർന്നിരുന്നു. ഹൈക്കോടതിയിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിധി.

നെഞ്ചുരോഗാശുപത്രിയിലെ ടി. ബി സെന്റർ നിറുത്തലാക്കാൻ ഉദ്ദേശമില്ല. ഇപ്പോൾ രണ്ടു പേരെ മാറ്റിയത് താത്കാലികമായാണ്

ശ്രീദേവി ഡി.എം.ഒ തൃശൂർ.