റോക്കറ്റ് വിക്ഷേപണത്തിന് പുതിയവിദ്യയുമായി മൈസൂർ വിദ്യാർത്ഥികൾ

Saturday 28 January 2023 11:54 PM IST
സാത്വിക് ഹെഗ്‌ഡെയും പ്രഥം ഭരദ്വാജും റോക്കറ്റ് വിക്ഷേപണത്തിന് നൂതന ആശയവുമായി പ്രദർശന വേദിയിൽ

തൃശൂർ: പാരമ്പര്യ രീതിയിൽ റോക്കറ്റുകളെ ബഹിരാകാശത്ത് എത്തിക്കുന്നതിന് ഭാരിച്ച ചെലവുള്ളതു കൊണ്ട് 'സ്പിൻ ലോഞ്ച്' എന്ന ബദൽ സംവിധാനം സതേൺ സയൻസ് ഫെയറിൽ പരിചയപ്പെടുത്തി മൈസൂരിലെ വിജയ മിട്ടാല വിദ്യാശാലയിലെ വിദ്വാർത്ഥികളായ സാത്വിക് ഹെഗ്‌ഡെയും പ്രഥം ഭരദ്വാജും. വായുവില്ലാത്ത ചേംബറിൽ റോക്കറ്റ് ഘടിപ്പിച്ച് ചേംബർ ഭ്രമണം ചെയ്യിക്കുമ്പോൾ ലഭിക്കുന്ന പ്രവേഗം ഊർജ്ജമാക്കുന്നത് വഴി കുറഞ്ഞ ഇന്ധനച്ചെലവേ വരികയുള്ളൂ എന്ന് വിദ്യാർത്ഥികൾ അവകാശപ്പെടുന്നു. ഛിന്നഗ്രഹങ്ങളിൽ നിന്നും സാങ്കേതിക വിദ്യ ഉപയോഗിച്ച് ധാതുക്കളുടെ ഖനനം നടത്തുന്ന രീതിയും ശ്രദ്ധേയമായി. ക്ലിക് കെമിസ്ട്രി ഫോർ കാൻസർ ട്രീറ്റ്‌മെന്റിന്റെ സ്റ്റിൽ മോഡലുമായാണ് പാലാ സെന്റ് മേരീസ് ജി.എച്ച്.എസിലെ വിദ്യാർത്ഥികളായ നിരഞ്ജന രതീഷും റിച്ചു ജോബറ്റുമെത്തിയത്. അർബുദം ബാധിക്കാത്ത കോശങ്ങളെ സംരക്ഷിക്കുന്ന ചികിത്സാ രീതിയാണിത്. റേഡിയേഷൻ നടത്തുമ്പോൾ അർബുദം ബാധിച്ച കോശങ്ങൾക്കൊപ്പം അർബുദം ബാധിക്കാത്ത കോശങ്ങളും നശിപ്പിക്കപ്പെടും. എന്നാൽ ഈ നൂതന ചികിത്സാ രീതി അർബുദം ബാധിച്ച കോശങ്ങളെ മാത്രമാണ് തിരഞ്ഞു പിടിച്ചു നശിപ്പിക്കുക. ആന്റി ബോഡി ഡ്രഗ് കോഞ്ചുഗേറ്റ് എന്ന മെഡിസിനാണ് ഇതിനായി ഉപയോഗിക്കുന്നത്. ഞായറാഴ്ച രാവിലെ 10 മുതൽ 4 വരെയാണ് സൗജന്യപ്രദർശനം.

ഉപയോഗ ശൂന്യമായ വസ്തുക്കളിൽ നിന്ന് ഡ്രോൺ

തൃശൂർ : ഉപയോഗ ശൂന്യമായ വസ്തുക്കളിൽ കാമറ ഘടിപ്പിച്ച ഡ്രോൺ നിർമ്മിച്ച് ആലപ്പുഴ ജില്ലയിലെ കാക്കാഴം ഹൈസ്‌കൂളിലെ മുഹമ്മദ് ഇൻസാഫ് താരമായി. 600 മീറ്റർ ചുറ്റളവ് വരെ പറത്താൻ കഴിയുന്ന ഡ്രോൺ അര കിലോഗ്രാം ഭാരം വഹിക്കുന്നതാണ്. അലൂമിനിയം പൈപ്പിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.