ആരോഗ്യസർവകലാശാലയിൽ 16298 പേർക്ക് ബിരുദ-ബിരുദാനന്തരബിരുദം

Saturday 28 January 2023 11:57 PM IST

തൃശൂർ: മെഡിസിൻ, ആയുർവേദ, ഹോമിയോപ്പതി, ഡെന്റൽ, നഴ്‌സിംഗ്, ഫാർമസി, പാരാ മെഡിക്കൽ വിഭാഗങ്ങളിൽ 16,298 വിദ്യാർത്ഥികൾക്ക് കേരള ആരോഗ്യശാസ്ത്ര സർവകലാശാല ബിരുദ, ബിരുദാനന്തര ബിരുദം സമ്മാനിക്കും. 31ന് രാവിലെ 11.30നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുന്ന ബിരുദദാനച്ചടങ്ങ്. ബിരുദാനന്തര ബിരുദം, പി.ജി ഡിപ്ലോമ നേടിയത് 2186 പേരാണ്. ബിരുദം നേടിയത് എം.ബി.ബി.എസ് 2818, ബി.എ.എം.എസ് 503, ബി.എച്ച്.എം.എസ് 215 തുടങ്ങി 14,112 വിദ്യാർത്ഥികളാണ്. സർട്ടിഫിക്കറ്റുകൾ തപാൽ വഴി അയച്ചു കൊടുക്കും. ഡോ.ജയറാം പണിക്കർ എൻഡോവ്‌മെന്റ് അവാർഡ് , ബിരുദ കോഴ്‌സുകളിലെ ഒന്നാം റാങ്ക് ജേതാക്കൾക്കുള്ള കാഷ് അവാർഡും, ഫലകവും സമ്മാനിക്കൽ എന്നിവ ബിരുദദാനച്ചടങ്ങിൽ നടക്കും. എം.ബി.ബി.എസ് പരീക്ഷയ്ക്ക് മൈക്രോബയോളജിയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്നവർക്കായി ഏർപ്പെടുത്തിയിട്ടുള്ള ഡോ.സി.കെ.ജയറാം പണിക്കർ എൻഡോവ്‌മെന്റ് അവാർഡിന് എറണാകുളം ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ ജെ.അമൃതകൃഷ്ണ അർഹയായി.