ഝാർഖണ്ഡിൽ നഴ്സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തിൽ 5 മരണം
Sunday 29 January 2023 1:07 AM IST
ധൻബാദ്: ഝാർഖണ്ഡിലെ ധൻബാദിൽ സ്വകാര്യ നഴ്സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തിൽ രണ്ട് ഡോക്ടർമാരുൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. സ്ഥാപന ഉടമ ഡോ.വികാസ് ഹസ്ര, ഭാര്യ ഡോ.പ്രേമ ഹസ്ര, ഉടമയുടെ ബന്ധു സോഹൻ ഖമാരി, വീട്ടുജോലിക്കാരി താരാദേവി എന്നിവർ മരിച്ചു. ഒരാളെ തിരിച്ചറിയാനുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.
കെട്ടിടത്തിന്റെ സ്റ്റോർ റൂമിലുണ്ടായ തീപിടിത്തമാണ് അപകടകാരണമെന്ന് കരുതുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ശ്വാസം മുട്ടിയാണ് എല്ലാവരും മരിച്ചത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്രിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്ന് ധൻബാദ് സബ് ഡിവിഷണൽ മജിസ്ട്രേട്ട് പ്രേം കുമാർ തിവാരി പറഞ്ഞു.