കേന്ദ്ര മൃഗശാല അതോറിട്ടിയുടെ നിയമവും തെറ്റിച്ചു

Sunday 29 January 2023 2:58 AM IST

തിരുവനന്തപുരം: പൂച്ചകളെയോ തെരുവ്‌നായ്‌ക്കളെയോ പ്രവേശിപ്പിക്കരുതെന്ന കേന്ദ്ര

മൃഗശാല അതോറിട്ടിയുടെ മൃഗസംരക്ഷണ നിയമവും കാറ്രിൽപ്പറത്തി, ഇവയ്‌ക്ക് മൃഗശാല അങ്കണത്തിൽ പെറ്റുപ്പെരുകാൻ അവസരം നൽകി അധികൃതരുടെ ഗുരുതര വീഴ്‌ച. പുറത്ത് അലഞ്ഞുതിരിയുന്നവയിൽ നിന്ന് മൃഗശാലയിലെ മറ്ര് മൃഗങ്ങളിലേക്ക് അസുഖങ്ങൾ പകരാൻ സാദ്ധ്യയേറെയാണ്. ക്ഷയരോഗ ബാധ കാരണം ദിനംപ്രതി വിവിധ മൃഗങ്ങൾ ചത്തൊടുങ്ങിയിട്ടും അധികൃതർ ഇത് നിയന്ത്രിക്കാൻ നടപടിയെടുത്തിട്ടില്ല. രണ്ടാഴ്ച്ചയ്ക്കിടെ ഏഴ് പൂച്ചകൾ മൃഗശാലയിൽ ചത്തിരുന്നു. രോഗബാധ തിരിച്ചറിഞ്ഞിട്ടില്ല. ക്ഷയരോഗമെന്ന് സ്ഥിരീകരിച്ചാൽ സ്ഥിതിഗതികൾ വീണ്ടും വഷളാകും. എല്ലാം മൃഗങ്ങളെയും പരിശോധിക്കേണ്ടിവരും. മൃഗശാലയിലെ മിക്ക കൂടുകളിലും ഇവ കയറിയിറങ്ങാറുണ്ട്. അതുപോലെതന്നെ തെരുവ് നായ്‌ക്കളും. ഇവ സന്ദർശകർക്കും ഭീഷണിയാണെങ്കിലും അധികൃതർ തിരിഞ്ഞു നോക്കാറില്ല. ഇന്നലെയും ഒരു പൂച്ച അവശതയിലായതോടെ അതിനെ പുറത്തേയ്‌ക്ക് മാറ്റി. വീഴ്‌ചകളിൽ കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലായം റിപ്പോർട്ട് തേടിയെന്നാണ് സൂചന. ഫെബ്രുവരി ആദ്യ വാരം മൃഗശാലയിലെത്തുന്ന കേന്ദ്ര സംഘം അധികൃതർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്‌തേക്കും.

പൂച്ചകളെ വളർത്തുന്നത് ഡയറക്ടറുടെ നിർദ്ദേശത്തിൽ

മൃഗശാല ഡയറക്ടറുടെ നിർദ്ദേശപ്രകാരമാണ് പൂച്ചകൾക്ക് മൃഗശാലയിൽ നിയന്ത്രണം ഏർപ്പെടുത്താറ്. ഇവയെ ഭക്ഷണം നൽകി പരിപാലിക്കുന്നതും ഡയറക്ടറുടെ നിർദ്ദേശത്തിലാണ്. മറ്റ് മൃഗങ്ങളുടെ ഭക്ഷണമുൾപ്പെടെ കൂടുകളിൽ പ്രവേശിച്ച് പൂച്ചകൾ കഴിക്കുന്നതും പതിവാണ്.

വിവാദമായതോടെ തടിതപ്പാൻ നീക്കം

സംവഭവം വിവാദമായതോടെ പൂച്ചകളെയും മൃഗശാലയിൽ അലഞ്ഞുതിരിയുന്ന തെരുവ് നായ്‌ക്കളെയും നീക്കി തടിരക്ഷിക്കാൻ ഡയറക്ടറുടെ നീക്കം. ഇന്നലെ മൃഗശാലയിൽ ചേർന്ന അടിയന്തര യോഗത്തിൽ അലഞ്ഞുതിരിയുന്നവയെ ഉടൻ നീക്കാൻ ഡയറക്ടർ നിർദ്ദേശം നൽകി.