തിരുവനന്തപുരം - കന്യാകുമാരി പാതയിരട്ടിപ്പ് ഉടൻ പൂർത്തിയാക്കും

Sunday 29 January 2023 3:32 AM IST

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് കന്യാകുമാരിയിലേക്കുള്ള പാതയിരട്ടിപ്പ് ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ ആർ. മുകുന്ദ് പറഞ്ഞു. ഡിവിഷണൽ ആസ്ഥാനത്ത് നടന്ന റിപ്പബ്ളിക് ദിനാഘോഷ ചടങ്ങിൽ ദേശീയപതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഗർകോവിൽ ടൗണിൽ ക്രോസിംഗ് സൗകര്യത്തോടെയാണ് തിരുവനന്തപുരം- കന്യാകുമാരി ഇരട്ടപ്പാത നിർമ്മാണം നടക്കുന്നത്. തിരുവനന്തപുരം പേട്ടയിലെ റെയിൽവേ ആശുപത്രിയിൽ പുതിയ ഡെന്റൽ ചികിത്സാ സൗകര്യവും മരുന്നുകൾക്കും സർജിക്കൽ ഉപകരണങ്ങൾക്കും പുതിയ സ്റ്റോറും ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അഡിഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ എം. വിജയകുമാർ, സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ തൻവി പ്രഫുൽ ഗുപ്ത തുടങ്ങിയവർ പങ്കെടുത്തു.