തിരു. നഗരസഭയിലെ സബ്‌സിഡി തട്ടിപ്പ്

Sunday 29 January 2023 12:55 AM IST

ഒരുകാലത്ത് രാജ്യത്തെ മുൻനിര തദ്ദേശ സ്ഥാപനങ്ങളിൽ ഒന്നാം നിരയിൽ നിന്നിരുന്ന തിരുവനന്തപുരം നഗരസഭ ഇന്ന് വാർത്തകളിൽ നിറയുന്നത് അരുതാത്ത ചെയ്തികളുടെ പേരിലാണ്. പല രൂപത്തിലും ഭാവത്തിലുമുള്ള തട്ടിപ്പുകളും തരികിടകളുമാണ് അവിടെ നടന്നുവരുന്നത്. മേയറുടെ ഒപ്പുപതിഞ്ഞ ശുപാർശക്കത്തിന്റെ ബലത്തിൽ പിൻവാതിൽ നിയമനനീക്കം നടന്നതും നഗരസഭാ കാര്യാലയം യുദ്ധക്കളമായതും ഈയിടെയാണ്. സോണൽ ഓഫീസുകളിൽ നടക്കുന്ന തിരിമറികളും പണാപഹരണവും സംബന്ധിച്ച വാർത്തകൾക്കും പഞ്ഞമില്ല.

ഏറ്റവും ഒടുവിൽ പാവപ്പെട്ട സ്‌ത്രീകളുടെ പേരിൽ അവിടെനടന്ന ഒരു വമ്പൻ വെട്ടിപ്പ് സി.എ.ജി കണ്ടുപിടിച്ചതിന്റെ വാർത്ത കഴിഞ്ഞ ദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഗുണഭോക്താക്കളിൽ എത്തേണ്ട സബ്‌സിഡി ഉദ്യോഗസ്ഥർ ചേർന്ന് വീതിച്ചെടുത്തതിന്റെ തെളിവുകളാണ് സി.എ.ജി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളത്. ഒന്നും രണ്ടുമല്ല അഞ്ചുകോടി അറുപതു ലക്ഷം രൂപയുടെ സബ്‌സിഡി വെട്ടിപ്പാണ് കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളിലായി നടന്നിരിക്കുന്നത്. പതിവുപോലെ ഈ സംഭവത്തിലും ഒച്ചപ്പാടും അന്വേഷണ പ്രഹസനവുമൊക്കെ നടന്നേക്കാം. കുറ്റം ചെയ്തവർ തന്ത്രപരമായി രക്ഷപ്പെടാനുള്ള സാദ്ധ്യതകളും കുറവല്ല. ഇപ്പോൾ കണ്ടെത്തിയ സബ്‌സിഡി വെട്ടിപ്പിനെക്കുറിച്ച് അറിയാൻ യുക്തമായ ഏജൻസിയെ അന്വേഷണം ഏല്പിക്കണമെന്നാണ് സി.എ.ജി ശുപാർശ ചെയ്തിരിക്കുന്നത്.

പൊതു - പട്ടികജാതി വിഭാഗങ്ങളിലെ സ്‌ത്രീകളുടെ ഗ്രൂപ്പുകൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ മൂന്നുലക്ഷം രൂപ സബ്‌സിഡി നല്‌കാനുള്ള പദ്ധതിയിലാണ് അട്ടിമറി നടന്നിരിക്കുന്നത്. വ്യാജ അക്കൗണ്ടുകളും ഇൻവോയിസും ഉണ്ടാക്കി പദ്ധതിയുടെ ചുമതലയുള്ളവരാണ് സ്‌ത്രീകളുടെ പേരിൽ സബ്‌സിഡി തുക സ്വന്തം പോക്കറ്റുകളിലാക്കിയത്. സർവീസ് സഹകരണ സംഘങ്ങൾക്ക് ബിസിനസ് സംരംഭങ്ങൾക്ക് വായ്പ അനുവദിക്കാൻ വകുപ്പില്ലെന്നിരിക്കെ, സബ്സിഡിക്കായി സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ പലതും സഹകരണ ബാങ്ക് അക്കൗണ്ടുള്ളവരുടേതാണ്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 215 ഗ്രൂപ്പുകൾ സബ്‌സിഡി ആനുകൂല്യം പറ്റിയതിൽ പത്തെണ്ണം മാത്രമാണ് ദേശസാത്‌കൃത - വാണിജ്യ ബാങ്കുകളുമായി ബന്ധപ്പെട്ടവ. ശേഷിക്കുന്നവയത്രയും സഹകരണ ബാങ്കുകളുടെ വ്യാജ അക്കൗണ്ടുകളുടെ ബലത്തിൽ സബ്‌‌‌സിഡി നേടിയതാണ്. വായ്‌പാതിരിച്ചടവു പൂർത്തിയാകുമ്പോൾ നഗരസഭയാണ് സബ്‌സിഡി തുക ബാങ്കുകളിലേക്ക് അടയ്ക്കുന്നത്. ഇങ്ങനെ ബാങ്കിലെത്തുന്ന തുക തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നവർ ഇടനിലക്കാരായി നിന്ന് തട്ടിയെടുത്തതായാണ് വിവരം.

ദുർബല ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി കൊണ്ടുവരുന്ന ഏതു നല്ല പദ്ധതിയും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്ന് സ്വന്തമാക്കി നേട്ടമുണ്ടാക്കുന്നത് പതിവാണ്. വെട്ടിപ്പിനുള്ള ധാരാളം പഴുതുകളിട്ടുകൊണ്ടാവും ഇത്തരം പദ്ധതികൾ ആവിഷ്കരിക്കുന്നതുതന്നെ. ദാരിദ്ര്യ‌നിർമ്മാർജ്ജനം, സ്ത്രീശാക്തീകരണം, പട്ടികജാതി - പട്ടികവർഗക്ഷേമം പദ്ധതികളിൽ പലതരത്തിലുള്ള വെട്ടിപ്പുകൾ ഇപ്പോഴും ഏറിയും കുറഞ്ഞും നടക്കുന്നുണ്ട്. ആദിവാസി ക്ഷേമത്തിനുവേണ്ടി സ്വാതന്ത്ര്യ‌ാനന്തരം വൻതോതിൽ പണം മുടക്കിയിട്ടും ആ ജനവിഭാഗങ്ങൾ ഇപ്പോഴും കൊടിയ ദാരിദ്ര്യ‌ത്തിലും നരകതുല്യമായ ജീവിതസാഹചര്യങ്ങളിലുമാണ് കഴിയുന്നത്.

തിരുവനന്തപുരം നഗരസഭയിൽ ഇപ്പോൾ വെളിച്ചത്തുവന്ന സബ്‌സിഡി വെട്ടിപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. പാവപ്പെട്ട സ്‌ത്രീജനങ്ങൾക്ക് ഉപകാരപ്പെടേണ്ട പണം ആർത്തിമൂത്ത ഒരുപറ്റം ഉദ്യോഗസ്ഥരും അവരുടെ പിണിയാളുകളും ചേർന്ന് തട്ടിയെടുക്കാൻ അനുവദിച്ചുകൂടാ.

Advertisement
Advertisement