കർമ്മദീപ്‌തിയുടെ സപ്‌തതി

Sunday 29 January 2023 1:16 AM IST

കേരള വണികവൈശ്യ സംഘത്തെ പതിറ്റാണ്ടുകളായി നയിക്കുന്ന എസ്.കുട്ടപ്പൻ ചെട്ടിയാർക്ക് ഇന്ന് സപ്‌‌തതി. കൊല്ലം ഉളിയക്കോവിൽ തടത്തിൽ വീട്ടിൽ വി.സുബ്രഹ്മണ്യം ചെട്ടിയാരുടെയും ഭഗവതി അമ്മാളുടെയും നാലാമത്തെ മകനായി ജനിച്ച കുട്ടപ്പൻ ചെട്ടിയാർ മുപ്പതാം പിറന്നാൾ ദിനത്തിലാണ് കേരള വണിക വൈശ്യ സംഘത്തിന്റെ ജനറൽ സെക്രട്ടറിയാകുന്നത്. ഡിഗ്രി പാസായ ഉടൻ ലഭിച്ച കൊല്ലത്തെ കരുണ ക്യാഷ്യൂ കമ്പനിയിലെ ജോലി രാജിവച്ചാണ് മൂന്നുരൂപ പതിനഞ്ച് പൈസ ക്യാഷ് ബാലൻസുമായി സംഘത്തിന്റെ പ്രവർത്തനത്തിന് അദ്ദേഹം ഇറങ്ങിത്തിരിച്ചത്.

കേരളത്തിലുടനീളം ശാഖാ ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ച് സംഘടനയെ കെട്ടിപ്പടുത്ത കുട്ടപ്പൻ ചെട്ടിയാർ വീടുവീടാന്തരം കയറി പണപിരിവ് നടത്തിയാണ് തിരുവനന്തപുരം വലിയശാലയിൽ സംഘടനയ്‌ക്ക് സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിപ്പടുത്തത്. നിരവധി തവണ സാധുക്കൾക്കായി സമൂഹ വിവാഹം സംഘടിപ്പിച്ച് മാതൃകയായ ഈ നേതാവ് വിവിധ സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തി സംഘടനയുടെ പേരിൽ വിദ്യാഭ്യാസസ്ഥാപനങ്ങളും ആരംഭിച്ചു. ഇവിടങ്ങളിൽ സമുദായാചാര്യൻ എ.സി.താണുവിന്റേയടക്കം പേരിൽ നിരവധി വിദ്യാഭ്യാസ സ്‌കോളർഷിപ്പുകളാണ് വിതരണം ചെയ്യുന്നത്. സംഘടനയെ ശക്തിപ്പെടുത്താൻ പോഷക സംഘടനകൾ ആരംഭിച്ചതിനൊപ്പം മാരകമായ രോഗം ബാധിച്ചവരുടെ ചികിത്സയ്‌ക്കും വിധവകളുടെ പെൺമക്കളുടെ വിവാഹത്തിനും കഴിയുന്നത്ര സാമ്പത്തിക സഹായം നൽകുന്നതിന് വാണിയർ ദുരിതാശ്വാസനിധി, കെ.വി.വി.എസ് മെഡിക്കൽ മിഷൻ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികൾ അംഗങ്ങളിൽ എത്തിക്കാൻ കെ.വി.വി.എസ് ഹെൽപ്പ് ഡെസ്‌ക്, കെ.വി.വി.എസ് പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് സൊസൈറ്റി എന്നിവ പ്രവർത്തനം ആരംഭിച്ചു.

കേരളത്തിൽ എല്ലാതലങ്ങളിലും ഏറ്റവും പിന്നാക്കം നിൽക്കുന്ന പരമ്പരാഗത തൊഴിൽ സമുദായങ്ങളിൽപ്പെട്ട 30 സംഘടനകളെ ഉൾപ്പെടുത്തി മോസ്റ്റ് ബാക്ക്‌വേർഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷൻ എന്ന സംഘടന 1992ൽ അദ്ദേഹം രൂപീകരിച്ചു. 30 വർഷം അതിന്റെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടത്തിയ അദ്ദേഹം 2014 മേയ് മാസത്തിൽ യു.ഡി.എഫ് സർക്കാരിൽ നിന്ന് ഒ.ഇ.സി ആനുകൂല്യങ്ങൾ അനുവദിപ്പിച്ചു. 30 സമുദായങ്ങളിലെ ആറ് ലക്ഷം രൂപയ്‌ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് ഒരു രൂപപോലും ഫീസ് കൊടുക്കാതെയും ലംസംഗ്രാന്റും സ്റ്റൈപ്പൻഡും വാങ്ങിക്കൊണ്ടും എൽ.കെ.ജി മുതൽ ഏതറ്റം വരെയും പഠിക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ കൈവരിച്ചത്. പിണറായി സർക്കാർ സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് ഈ ആനുകൂല്യം നിറുത്തലാക്കാൻ ശ്രമിച്ചപ്പോൾ 30 സമുദായങ്ങളിലെ ലക്ഷക്കണക്കിന് അംഗങ്ങളെ അണിനിരത്തി എം.ബി.സി.എഫിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ പിണങ്ങിക്കിടപ്പ് സമരം നടത്തിയതും ചരിത്രത്തിന്റെ ഭാഗമാണ്.

കേരളത്തിലെ പട്ടികജാതി/വർഗ-പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളെ അണിനിരത്തിക്കൊണ്ട് സംവരണ സമുദായ മുന്നണി രൂപീകരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ചേർത്തലയിലെ കേരള കൺസ്‌ട്രക്‌ഷൻ കമ്പോണന്റ് ലിമിറ്റഡിന്റെ ചെയർമാനായി നാലുവർഷം പ്രവർത്തിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ ഡയറക്‌ടറായിരുന്നു. ഒന്നരവർഷക്കാലം കെപ്‌കോയുടെ ചെയർമാനുമായി. ഈ കാലഘട്ടം കെപ്‌കോയുടെ ചരിത്രത്തിലെ സുവർണകാലമായിരുന്നു.

കേരള സർവകലാശാലയ്‌ക്ക് കീഴിലുളള സെൽഫ് ഫിനാൻസിംഗ് കോളേജ് മാനേജ്മെന്റുകളെ ചേർത്ത് സെൽഫ് ഫിനാൻസിംഗ് കോളേജ് മാനേജ്മെന്റ് യൂണിയൻ രൂപീകരിച്ച് 12 വർഷം അതിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. ഇപ്പോൾ അതിന്റെ രക്ഷാധികാരിയാണ്. കഴിഞ്ഞ നാല് വർഷം സർവകലാശാല സെനറ്റ് മെമ്പറായിരുന്നു. ഓൾ ഇന്ത്യാ തൈലിക് സാഹുമഹാസഭയുടെ സെക്രട്ടറിമാരിൽ ഒരാളായി ഇപ്പോഴും പ്രവർത്തിക്കുന്നു. ഭാര്യ അനന്തലക്ഷ്‌മി ഐ.എസ്.ആർ.ഒ ശാസ്‌ത്രജ്ഞയാണ്. ലക്ഷ്‌മിപ്രിയ, കൃഷ്‌ണപ്രിയ എന്നിവരാണ് മക്കൾ.

Advertisement
Advertisement