പ്രതീക്ഷയോടെ കേരളം കാത്തിരിക്കുന്നു, വന്ദേഭാരത്...!
അത്യാധുനിക സൗകര്യങ്ങളോടെ 160കിലോമീറ്റർ വരെ വേഗത്തിൽ കുതിച്ചുപായുന്ന വന്ദേഭാരത് ട്രെയിൻ കേന്ദ്രബഡ്ജറ്റിൽ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. തിരുവനന്തപുരത്തു നിന്ന് കണ്ണൂർ, ബംഗളൂരു, മംഗളൂരു, ചെന്നൈ റൂട്ടുകൾ പരിഗണനയിലുണ്ട്. വന്ദേഭാരതിന് വഴിയൊരുക്കാൻ കേരളത്തിലെ റെയിൽവേ ലൈനുകളിലെ വളവുകൾ നിവർത്തുന്ന 'റെയിൽ ബൈപ്പാസ്' പദ്ധതിയും ബഡ്ജറ്റിൽ പ്രഖ്യാപിച്ചേക്കും. ദീർഘദൂര യാത്രയ്ക്ക് സ്ലീപ്പർ കോച്ചുകളടങ്ങിയ 200വന്ദേഭാരത് ട്രെയിനുകൾ ഉടൻ നിർമ്മിക്കും. ഈ ട്രെയിനുകൾക്ക് 160കിലോമീറ്റർ വേഗത്തിലോടാനാവുന്ന റെയിൽബൈപ്പാസാവും നിർമ്മിക്കുക. കേരളത്തിനടക്കം ബഡ്ജറ്റിൽ 300 വന്ദേഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചേക്കും.
മംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് വന്ദേഭാരത് അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. ചെന്നൈ-കന്യാകുമാരി വന്ദേഭാരത് വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാകുമാരി- തിരുവനന്തപുരം ഇരട്ടപ്പാത വന്നാൽ ഇത് തിരുവനന്തപുരത്തേക്ക് നീട്ടാനാവും. സംസ്ഥാനത്തിനകത്തും അയൽ സംസ്ഥാനങ്ങളിലേക്കും പോയിന്റ് ടു പോയിന്റ് കണക്ടിവിറ്റിക്കായി വന്ദേഭാരത് കേന്ദ്രബഡ്‌ജറ്റിൽ പ്രഖ്യാപിക്കണമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ കേന്ദ്രധനമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മാണം പൂർത്തിയാവുന്നതിൽ 16പാസഞ്ചർ കാറുകളടങ്ങിയ രണ്ട് യൂണിറ്റ് തിരുവനന്തപുരം ഡിവിഷന് നൽകാനും അറ്റകുറ്റപ്പണിക്കും ട്രെയിൻ നിറുത്തിയിടാനും സൗകര്യമൊരുക്കാനും ദക്ഷിണറെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ വളവുകളുള്ള പാതയിലൂടെ അതിവേഗത്തിൽ വന്ദേഭാരത് ഓടിക്കാനാവില്ല. നിലവിൽ എറണാകുളം-ഷൊർണൂർ 80കി.മി, ഷൊർണൂർ-മംഗലാപുരം 110കി.മിയാണ് ശരാശരി വേഗത. ഈ വേഗതയിലാവും ആദ്യം വന്ദേഭാരത് ഓടിക്കുക. ഓഗസ്റ്റിനകം 75ട്രെയിനുകൾ ഓടിക്കാനാണ് കേന്ദ്രപദ്ധതി. ചെന്നൈയിലും കപൂർത്തലയിലും റായ്ബറേലിയിലുമുള്ള കോച്ച് ഫാക്ടറികളിൽ 44ട്രെയിനുകൾ നിർമ്മാണത്തിലാണ്. വളവുകളിൽ വേഗം കുറയ്ക്കാതെ ചരിഞ്ഞോടുന്ന ടിൽട്ടിംഗ് ട്രെയിനുകൾ വന്ദേഭാരതിനായി നിർമ്മിക്കുമ്പോൾ അവയും കേരളത്തിന് അനുവദിക്കും. പുതുതായി നിർമ്മിക്കുന്ന 400 വന്ദേഭാരത് ട്രെയിനുകളിൽ നൂറെണ്ണം ടിൽട്ടിംഗായിരിക്കും.
നിലവിലെ റെയിൽപാതയിലെ വളവുകൾ നിവർത്തിയെടുക്കാനുള്ള പദ്ധതിയാണ് റെയിൽ ബൈപാസ്. 55-60 കിലോമീറ്ററാണ് കേരളത്തിലെ ശരാശരി വേഗം. തിരുവനന്തപുരം-കാസർകോട് പാതയിൽ 626 വളവുകളും 230 ലെവൽക്രോസുകളും 138 ഇടത്ത് വേഗനിയന്ത്രണവുമുണ്ട്. പാതയുടെ 36ശതമാനവും വളവുകളാണ്. വളവുകൾ കഴിയുന്നത്ര നിവർത്തുകയും ട്രാക്കുകൾ ബലപ്പെടുത്തുകയും ചെയ്യും. കൊടുംവളവുകളുള്ള കൊല്ലം, കുറ്റിപ്പുറം സ്റ്റേഷനുകളിൽ റെയിൽ ബൈപ്പാസുകൾ വരും. ഒരു ട്രെയിനിൽ 16കോച്ചുകളിലായി 1,128 യാത്രക്കാരുണ്ട്. 130 കോടിയാണ് ഒരു ട്രെയിനിന്റെ നിർമ്മാണചെലവ്. വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ തുടങ്ങിയിട്ടുണ്ട്. 200 ട്രെയിനുകളുടെ നിർമാണത്തിനും 35 വർഷത്തെ പരിപാലനത്തിനും 58,000 കോടിയുടെ കരാറാണ്. 2024ൽ വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം. ഇതുവരെ 102 വന്ദേഭാരത് ട്രെയിനുകളുടെ നിർമാണത്തിനാണ് റെയിൽവേ കരാർ നൽകിയത്. ഇവയെല്ലാം ചെയർ കാറാണ്. 2026ഓടെ വന്ദേഭാരത് ട്രെയിനുകൾ ദക്ഷിണാഫ്രിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും റെയിൽവേ മന്ത്രാലയം ശ്രമിക്കുന്നുണ്ട്.
സിൽവർ ലൈനിന്
ബദലായി മാറും
160കിലോമീറ്റർ വരെ വേഗത്തിലോടുന്ന വന്ദേഭാരത് വരുന്നതോടെ സിൽവർലൈൻ പദ്ധതി അപ്രസക്തമാവും. കേരളത്തിലെ ട്രെയിനുകളുടെ വേഗം കൂട്ടാനുള്ള നടപടികൾ റെയിൽവേ ആരംഭിച്ചിട്ടുണ്ട്. 160കിലോമീറ്ററാക്കുകയാണ് ലക്ഷ്യം. വളവുകൾ നിവർത്തുകയും കൾവർട്ടുകളും പാലങ്ങളും ബലപ്പെടുത്തുകയും ചെയ്യുന്നതോടെ ടെയിനുകളുടെ വേഗം കൂട്ടാനാവും. സ്ഥലമെടുപ്പും കാര്യമായി വേണ്ടിവരില്ല. ഇതിനുള്ള ലിഡാർ സർവേയ്ക്ക് 31ന് റെയിൽവേ ടെൻഡർ വിളിക്കും. അടുത്ത 60 വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള വികസനമാണ് റെയിൽവേ ലക്ഷ്യമിടുന്നത്. വേഗം വർദ്ധിപ്പിക്കുന്നതിന്റെ ആദ്യഘട്ടം 2025 മാർച്ചിനു മുൻപ് പൂർത്തിയാക്കും. ആദ്യഘട്ടത്തിലെ വേഗവർദ്ധന നടപ്പായാൽ സ്റ്റോപ്പുകളുടെ എണ്ണം കുറവായ ട്രെയിനുകൾക്ക് തിരുവനന്തപുരത്തു നിന്ന് എറണാകുളം വരെ രണ്ടരമണിക്കൂറിനുള്ളിൽ എത്താനാകും.
ആലപ്പുഴ വഴിയും കോട്ടയം വഴിയും തിരുവനന്തപുരം – മംഗളൂരു സെക്‌ഷനിലെ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 130 – 160 കിലോമീറ്റർ വരെയായി ഉയർത്താനുള്ള സാദ്ധ്യതാ പഠനം പുരോഗമിക്കുകയാണ്. ഷൊർണൂർ – മംഗളൂരു പാതയിലെ (306.57 കിലോമീറ്റർ ദൂരം) പരമാവധി വേഗം 2025 മാർച്ചിനു മുൻപ് മണിക്കൂറിൽ 110 കിലോമീറ്ററിൽനിന്ന് 130 കിലോമീറ്ററായി ഉയർത്തും. പോത്തനൂർ – ഷൊർണൂർ (92.75 കിലോമീറ്റർ) സെക്‌ഷനിലെ പരമാവധി വേഗം 2026 മാർച്ചിനു മുൻപ് 130 കിലോമീറ്ററാക്കും. തിരുവനന്തപുരം - കായംകുളം റൂട്ടിൽ മണിക്കൂറിൽ 110 കിമീ (നിലവിൽ 100 കി.മീ), കായംകുളം - തുറവൂർ റൂട്ടിൽ 110 കിലോമീറ്റർ (നിലവിൽ 90 കി.മീ), തുറവൂർ - എറണാകുളം 110 കി.മീ (നിലവിൽ 80 കി.മീ), എറണാകുളം - ഷൊർണൂർ 90 കി.മീ (നിലവിൽ 80 കി.മീ) എന്നിങ്ങനെയാണ് ആദ്യഘട്ടത്തിൽ സെക്‌ഷനുകളിലെ വേഗം കൂട്ടുന്നത്. തുടർന്ന് ഇത് 130 – 160 കിലോമീറ്റർ വരെയായി ഉയർത്തും. ട്രാക്ക് പുതുക്കൽ, വളവുകൾ നിവർത്തൽ, സിഗ്നൽ സംവിധാനങ്ങളുടെ നവീകരണം എന്നിവയിലൂടെയാണ് വേഗം കൂട്ടുന്നത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽനിന്നായി എട്ട് ലോക്കോ പൈലറ്റുമാർക്ക് വന്ദേഭാരത് ഓടിക്കാനുള്ള പരിശീലനം നൽകിയിട്ടുള്ളതും കേരളത്തിന് പ്രതീക്ഷ നൽകുന്നതാണ്.
ചുരുങ്ങിയ ചെലവിൽ
ആഡംബരയാത്ര
ചുരുങ്ങിയ ചെലവിൽ ആഡംബര യാത്രയാണ് വന്ദേഭാരത് വാഗ്ദാനം ചെയ്യുന്നത്. വൃത്തിയും വെടിപ്പോടെയുമാണ് വന്ദേഭാരത് കോച്ചുകൾ സൂക്ഷിക്കുക. വൃത്തിയുടെ കാര്യത്തിൽ നൂറ് മാർക്ക് നൽകാം. പിന്നോട്ടു നീക്കാവുന്ന സീറ്റുകൾ സുഖയാത്രയൊരുക്കും. യാത്രയ്ക്കിടയിൽ വിശപ്പുമാറ്റാൻ പലഹാരവും ചായയും സൗജന്യം. പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ സൗകര്യപ്രദമായാണ് ചില്ലു ജനാലകളുടെ ക്രമീകരണം, എക്‌സിക്യുട്ടീവ് കോച്ചിലെ സീറ്റുകൾ180 ഡിഗ്രി വരെ തിരിയാൻ പാകത്തിലുള്ളവയാണ്. ട്രെയിൻ പാളംതെറ്റാതിരിക്കാനുള്ള ആന്റി സ്‌കിഡ് സംവിധാനമടക്കം സുരക്ഷയിലും വിട്ടുവീഴ്ചില്ല. എല്ലാ കോച്ചുകളും സി.സി.ടി.വി നിരീക്ഷണത്തിലാണ്. 16കോച്ചുകളുള്ളതിൽ രണ്ടെണ്ണം എക്സിക്യുട്ടീവ് കോച്ചുകളാണ്.
യാത്ര സുഖകരം, സുരക്ഷിതം
കൂട്ടിയിടിയൊഴിവാക്കാൻ 'കവച് 'സംവിധാനം, പൊട്ടിത്തെറിയെ ചെറുക്കുന്ന കോച്ചുകൾ
ഭാരം392ടണ്ണാക്കി കുറച്ചപ്പോൾ 52സെക്കൻഡിൽ 100കിലോമീറ്റർ വേഗം കൈവരിക്കാനാവും
എല്ലാകോച്ചിലും വിവര-വിനോദസൗകര്യത്തിന് 32ഇഞ്ച് സ്ക്രീൻ, പരിധിയില്ലാതെ വൈഫൈ
15 ശതമാനം ഊർജ്ജക്ഷമതയുള്ള ശീതീകരണ സംവിധാനം പരിസ്ഥിതിസൗഹൃദമാണ്
ട്രാക്‌ഷൻ മോട്ടോറിൽ പൊടിശല്യമുണ്ടാകാത്ത ശുദ്ധവായു ശീതീകരണ സംവിധാനം
കോച്ചുകളിലിലെല്ലാം സൈഡ് റിക്ലൈനർ സീറ്റ്, എക്സിക്യൂട്ടീവ് കോച്ചിൽ 180ഡിഗ്രി തിരിയുന്ന സീറ്റ്
ബാക്ടീരിയ, വൈറസ്, അണുനാശനത്തിന് അൾട്രാവയലറ്റ് വായുശുദ്ധീകരണ സംവിധാനം
സീറ്റിനടുത്ത് മൊബൈൽ-ലാപ്‌ടോപ് ചാർജിംഗ് സോക്കറ്റ്, കോച്ചുകളിൽ സി.സി.ടി.വി
എട്ട് വന്ദേഭാരത്
ന്യൂഡൽഹി -വാരണാസി
ന്യൂഡൽഹി -ശ്രീ മാതാ വൈഷ്‌ണോദേവി കത്ര
ഗാന്ധിനഗർ-മുംബയ്
ഹിമാചലിലെ ഊന-ഡൽഹി
ചെന്നൈ-ബംഗളൂരു-മൈസൂരു
ബിലാസ്‌പൂർ-നാഗ്പൂർ
ഹൗറ-ജയ്പാൽഗുരി
വിശാഖപട്ടണം-സെക്കന്തരാബാദ്