കുഞ്ഞുങ്ങളുടെ ഉച്ചക്കഞ്ഞിയിൽ മണ്ണിടരുത്

Sunday 29 January 2023 1:30 AM IST

കോഴിക്കോട് നഗരത്തിലെ സർക്കാർ എയ്ഡഡ് സ്‌കൂൾ. രാവിലെ പത്തുമണിയായിട്ടും അദ്ധ്യാപികമാരൊന്നും ക്ലാസിലില്ല. പ്രധാനാദ്ധ്യാപകൻ മാത്രമാണ് പുരുഷപ്രജ, അദ്ദേഹത്തേയും കാണാനില്ല. ക്ലാസുകളിൽ കുട്ടികളുടെ ബഹളം. കാര്യം അന്വേഷിച്ചപ്പോൾ അദ്ധ്യാപികമാരും പ്രധാന അദ്ധ്യാപകനുമെല്ലാം അടുത്തുള്ള പറമ്പിലുണ്ടെന്ന് ഉത്തരം. മുള്ളുവേലി ചാടി അവരെ തേടിച്ചെന്നപ്പോഴുള്ള കാഴ്ച അമ്പരിപ്പിക്കുന്നതായിരുന്നു. മൂന്നുനാല് ടീച്ചർമാർ ഒരു വലിയ കോലെടുത്ത് പപ്പായ കുത്തിയിടുന്നു. രണ്ടുപേർ മുരിങ്ങയില നുള്ളുന്നു. പ്രധാന അദ്ധ്യാപകൻ തൂമ്പയെടുത്ത് ചേമ്പ് കിളക്കുന്നു...മാഷേ ഇന്ന് സ്‌കൂളിന് അവധിയാണോ എന്ന് ചോദിച്ചപ്പോൾ വിയർത്ത് കുളിച്ചിരിക്കുന്ന പ്രധാനാദ്ധ്യാപകന്റെ മറുപടി...' സാറേ ക്ലാസൊക്കെയുണ്ട്. പക്ഷേ കടയിൽ പറ്റ് കൂടിയപ്പോൾ പച്ചക്കറി തരുന്നവർ കൈമലർത്തി. ഉച്ചയ്ക്ക് കുട്ടികൾക്ക് ഞങ്ങളെന്തെടുത്താ ചോറിന് കറിയും തോരനും നൽകുക...!'

ഇത് സംസ്ഥാനത്ത് കോഴിക്കോട്ടെ ഒരു സ്‌കൂളിന്റെ മാത്രം കാര്യമല്ല, 12,200ൽപ്പരം സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലെ 29.5 ലക്ഷത്തിലധികം വരുന്ന കുട്ടികളുടെ ഉച്ചഭക്ഷണ പ്രശ്‌നമാണ്. നിവേദനങ്ങൾ നൽകാൻ വിദ്യാഭ്യാസമന്ത്രിമുതൽ മുഖ്യമന്ത്രിവരെ ഇനി ആരുമില്ല. സമരങ്ങൾ സെക്രട്ടേറിയറ്റ് പടിക്കൽവരെ എത്തി. കഴിഞ്ഞ ഓണത്തിന് പട്ടിണി സമരപ്രഖ്യാപനവും നടത്തി. നിയമസഭയിലും ചർച്ചയായി. എന്നിട്ടും വിദ്യാഭ്യാസമന്ത്രിയും കൂട്ടരും പതിവ് പല്ലവി തുടർന്നു,' ഗൗരവമുള്ളതാണ് പ്രശ്‌നം, സർക്കാർ മനസിലാക്കുന്നുണ്ട്. ഉടൻ പരിഹാരമാവും....' അതുകഴിഞ്ഞിട്ടും മാസങ്ങളായി. സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടതോടെ ഇപ്പോൾ കോടതി കയറി ഹൈക്കോടതിയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് പ്രധാനാദ്ധ്യാപകർ.

1995 മുതലാണ് കേരളത്തിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. കുട്ടികൾക്ക് ഗുണമേന്മയുള്ളതും പോഷകസമൃദ്ധവുമായ ആഹാരം നൽകുകയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്തത്. 2012ന് മുമ്പ് ആരംഭിച്ച പ്രീപ്രൈമറി ക്ലാസുകൾ മുതൽ എട്ടാംക്ലാസുവരെയുള്ള കുട്ടികളാണ് ഗുണഭോക്താക്കൾ. സ്‌കൂൾ അദ്ധ്യാപകർ, പി.ടി.എ, പാചകത്തൊഴിലാളി, വിദ്യാർത്ഥി പ്രതിനിധി എന്നിവരടങ്ങുന്ന ഉച്ചഭക്ഷണ സമിതിക്കാണ് ചുമതല. എന്നാൽ ഇതെല്ലാം രേഖകളിൽമാത്രം. ഫലത്തിൽ എല്ലാം പ്രധാനാദ്ധ്യാപകന്റെ തലയിൽ. സംസ്ഥാനത്ത് ഉച്ചഭക്ഷണവിതരണത്തിൽ കടംകയറി ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്ന പ്രധാനാദ്ധ്യാപകരുണ്ടെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ പറയുന്നു.

2016ലെ ഉച്ചഭക്ഷണ ഫണ്ട് ഇപ്പോഴും അതുപോലെ തുടരുകയാണ്. നൂറ് കുട്ടികൾക്കു മുകളിലുള്ള സ്‌കൂളുകളിൽ ഈ അദ്ധ്യയനവർഷം കുട്ടികൾക്ക് ഭക്ഷണം നൽകിയ വകയിൽ രണ്ടരലക്ഷം രൂപയ്ക്ക് മുകളിൽ കടക്കാരായ പ്രധാനാദ്ധ്യാപകരുണ്ടെന്നും സുനിൽകുമാർ പറഞ്ഞു. ഉച്ചഭക്ഷണം നിറുത്തിവെച്ചാലോ എന്നുവരെ ആലോചിച്ചു. പക്ഷേ കുട്ടികൾക്കുള്ള ഭക്ഷണം നിഷേധിക്കുന്നത് മനുഷ്യത്വമില്ലായ്‌മയും തെറ്റായ സമരമാർഗവുമായതിനാലാണ് നഷ്ടം സഹിച്ചും തുടരുന്നത്. ഏതാനും മാസങ്ങളായി ജില്ലാതലത്തിൽ സംസ്ഥാനത്തെ പ്രധാനാദ്ധ്യാപകർ സമരത്തിലാണ്. ഓണം നാളിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പട്ടിണിസമരം പ്രഖ്യാപിച്ചു. അതോടെ വിദ്യാഭ്യാസമന്ത്രി ചർച്ചയ്ക്ക് വിളിച്ചു. ഓണത്തിന് സമരം ചെയ്യരുതെന്നും ഓണം അവധികഴിഞ്ഞ ശേഷം ഫണ്ട് വർദ്ധിപ്പിക്കാമെന്നും ഉറപ്പ് നൽകി. പക്ഷേ നാളിതു വരെയായിട്ടും തീരുമാനമായില്ല. അതിനിടെ സ്‌കൂൾമേളകൾ വന്നു. അതിനും പ്രധാനാദ്ധ്യാപകർ ഒരുകുറവും വരുത്തിയില്ല. അരയുംതലയും മുറുക്കി ഓടി. എന്നിട്ടും പരമപ്രധാനമായ കുട്ടികളുടെ ഉച്ചഭക്ഷണവിഷയത്തിൽ സർക്കാരിന്റെ ഒരിടപെടലും ഉണ്ടായില്ല. സർക്കാരിൽ വിശ്വാസം നഷ്ടപെട്ട സാഹചര്യത്തിലാണ് കോടതി കയറാൻ തീരുമാനിച്ചത്. വിഷയത്തിന്റെ ഗൗരവം മനസിലാക്കി കോടതി സർക്കാരിനോട് വിശദീകരണം ചോദിച്ചു. അതുകഴിഞ്ഞിട്ടും രണ്ടുമാസമായി. സർക്കാർ വീണ്ടും സമയം നീട്ടി ചോദിച്ചിരിക്കുകയാണ്. എത്രകാലമാണ് കൈയിൽ നിന്നും കാശിറക്കി കടം വാങ്ങി കുട്ടികൾക്ക് ഭക്ഷണം നൽകുക. എന്തുകൊണ്ടാണ് പൊതുസമൂഹം വിഷയം ഏറ്റെടുക്കാത്തതെന്നും സുനിൽകുമാർ ചോദിക്കുന്നു.

ഉച്ചഭക്ഷണ പദ്ധതിയ്‌ക്ക് 60 ശതമാനം കേന്ദ്രം നൽകുമ്പോൾ 40 ശതമാനമാണ് സംസ്ഥാന സർക്കാരിന്റെ വിഹിതം. സംസ്ഥാന സർക്കാരിന്റെ സമഗ്ര പോഷകാഹാര പദ്ധതിയുടെ ഭാഗമായി 2005 മുതൽ ആഴ്ചയിൽ ഒരു കോഴിമുട്ടയും 2010മുതൽ രണ്ട് ദിവസങ്ങളിലായി 300മില്ലി പാലും നൽകുന്നു. ഇത് തങ്ങളുടെ ഭരണനേട്ടമായി രേഖപ്പെടുത്തുമ്പോഴും ഇതിനായി ഒരു ഫണ്ടുപോലും സംസ്ഥാന സർക്കാർ നീക്കിവെച്ചില്ല.

2016ൽ അനുവദിച്ച എട്ടുരൂപയാണ് ഒരു കുട്ടിക്ക് ഇപ്പോഴും നൽകുന്നത്. അതുതന്നെ 150 കുട്ടികൾ ഉള്ളിടത്ത് എട്ടുരൂപ. 500 വരെ കുട്ടികളുള്ളിടത്ത് ഏഴുരൂപ. അതിന് മുകളിലാണെങ്കിൽ ആറുരൂപ. എങ്ങനെയാണ് ഈ തുകവച്ച് സർക്കാർ പറയുന്നതുപോലെ പാലും മുട്ടയും പച്ചക്കറിയുമൊക്കെ നൽകുകയെന്ന അദ്ധ്യാപകരുടെ ചോദ്യത്തിന് ഇതുവരെയും മറുപടിയില്ല. 2016ൽ ഒരുകുട്ടിക്ക് നൽകേണ്ട 300മില്ലി ലിറ്റർ പാലിന്റെ വില 39 രൂപയായിരുന്നു. 2022ൽ അത് 52രൂപയാണ് ഇപ്പോൾ അതിലും കൂടി. ആഴ്ചയിൽ രണ്ടുദിവസം പാൽ നൽകണം. മുട്ടയ്ക്ക് 2016ൽ 3.15 വില. ഇപ്പോൾ ആറുരൂപ. രണ്ടുദിവസം മുട്ട നൽകണം. ഗ്യാസിന് അന്ന് 420 വില. ഇന്ന് സർവീസ് ചാർജടക്കം 1150. പിന്നെ പച്ചക്കറി, പലവ്യഞ്ജനങ്ങൾ. ഇതൊന്നും അറിയാത്തവരല്ല അധികൃതർ. പക്ഷേ ആരും ചെവികൊടുക്കുകയോ പരിഹാരമുണ്ടാക്കുകയോ ചെയ്യുന്നില്ല.

വിഷയം ഗൗരവമാണ്. ആഘോഷങ്ങൾക്കും മേളകൾക്കുമായി കോടികൾ പൊടിക്കുമ്പോൾ സാധാരണക്കാരിൽ സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിലെ ഉച്ചഭക്ഷണകാര്യത്തിൽ മാത്രം ഇത്രയും കടുംപിടിത്തം കാണിക്കുന്നത് എന്തിനാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്‌കൂൾ സാഹചര്യവും പഠനനിലവാരവുമെല്ലാം കേരളത്തിലാണെന്നതിൽ തർക്കമില്ല. സാക്ഷരതയിലും ഒന്നാമത്.

കുട്ടികളുടെ ഉച്ചഭക്ഷണവിഷയത്തിൽ കടക്കെണിയിലായി ആത്മഹത്യ ചെയ്ത അദ്ധ്യാപകരുടെ നാടെന്ന പേരുദോഷം വരുത്തിവയ്‌ക്കാതിരിക്കാനെങ്കിലും കോടതികയറിയ പ്രധാനാദ്ധ്യാപകരെ സർക്കാർ തിരിച്ചുവിളിക്കേണ്ടിയിരിക്കുന്നു. ഇത് ആരുടേയും അഭിമാനത്തിന് കോട്ടംതട്ടുന്ന വിഷയമല്ല, മറിച്ച് നമ്മുടെ മക്കളുടെ ഒരു നേരത്തെ ഭക്ഷണത്തിന്റെ കാര്യമാണ്.

Advertisement
Advertisement