കിഴക്കൻ ജെറുസലേമിൽ വീണ്ടും വെടിവയ്പ് 2പേർക്ക് പരിക്ക്
ടെൽ അവീവ് : കിഴക്കൻ ജെറുസലേമിൽ വീണ്ടും വെടിവയ്പ്. ഇന്നലെ രാവിലെ സിൽവാൻ മേഖലയിലുണ്ടായ വെടിവയ്പിൽ രണ്ട് പേർക്ക് പരിക്കേറ്റു. 13 വയസുകാരനായ പലസ്തീൻ സ്വദേശിയാണ് വെടിവയ്പ് നടത്തിയതെന്നും അക്രമിയെ കീഴ്പ്പെടുത്തിയെന്നും ഇസ്രയേൽ പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി കിഴക്കൻ ജെറുസലേമിലെ തന്നെ നെവെ യാകോവ് മേഖലയിലെ സിനഗോഗിൽ ( ജൂത ആരാധനാലയം ) ഉണ്ടായ വെടിവയ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടതിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് രണ്ടാമത്തെ ആക്രമണം. വെടിയേറ്റ രണ്ടു പേരുടെയും നില ഗുരുതമാണ്.
അതേ സമയം, വെള്ളിയാഴ്ചത്തെ സിനഗോഗ് വെടിവയ്പുമായി ബന്ധപ്പെട്ട് 42 പേരെ ഇസ്രയേൽ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയ 21 വയസുള്ള പലസ്തീൻ വംശജനെ പൊലീസ് വെടിവച്ചു കൊന്നിരുന്നു. കിഴക്കൻ ജെറുസലേമിൽ താമസിച്ചിരുന്ന ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും അറസ്റ്റിലായവരിൽ പെടുന്നു. ആക്രമണത്തെ ഇന്ത്യ, യു.എസ്, ഫ്രാൻസ്, ജർമ്മനി, യു.കെ തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിവയ്പ് നടന്നയിടം സന്ദർശിച്ചു.
വ്യാഴാഴ്ച വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രയേൽ സൈന്യം നടത്തിയ റെയ്ഡിനിടെ ആയുധധാരികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സാധാരണക്കാർ അടക്കം ഒമ്പത് പേർ മരിച്ചതിന് പിന്നാലെയാണ് കിഴക്കൻ ജെറുസലേമിൽ വെടിവയ്പുകളുണ്ടായത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രയേലിലും വെസ്റ്റ് ബാങ്കിലും സുരക്ഷ ശക്തമാക്കി.
ജെനിനിൽ റെയ്ഡിന് പിന്നാലെ പലസ്തീനിയൻ ഇസ്ലാമിക് ജിഹാദും ഹമാസും ഇസ്രയേലിന് നേരെ നിരവധി റോക്കറ്റുകൾ തൊടുത്തിരുന്നു. റോക്കറ്റുകളെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വഴി തടഞ്ഞ ഇസ്രയേൽ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പ്രത്യാക്രമണവും നടത്തിയിരുന്നു. ഇരുഭാഗങ്ങളിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.