വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് കുടുംബം; ശരീരത്തിൽ സംശയാസ്പദമായി ചില മുറിവുകളുണ്ടായിരുന്നെന്ന് അമ്മ

Sunday 29 January 2023 10:31 AM IST

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. കോഴിക്കോട് ഉണ്ണിക്കുളത്താണ് സംഭവം. അർച്ചന എന്ന കുട്ടിയാണ് മരിച്ചത്.

ആത്മഹത്യ ചെയ്ത ലക്ഷണങ്ങളല്ല കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നതെന്നും, സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. വിദ്യാർത്ഥിനിയുടെ ശരീരത്തിൽ സംശയാസ്പദമായി ചില മുറിവുകളുണ്ടായിരുന്നെന്നും അർച്ചനയുടെ അമ്മ സജിത്ര ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

അർച്ചനയെ അമ്മൂമ്മയുടെ വീട്ടിലാക്കിയതിന് ശേഷമാണ് സജിത്ര ജോലിയ്ക്ക് പോയത്. സ്‌കൂളിൽ പോകാനൊരുങ്ങിയ അർച്ചന, പുസ്‌കമെടുക്കാനുണ്ടെന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക് പോയി. പണി നടക്കുന്ന വീടിനോട് ചെർന്ന് ഷെഡ്ഡിന് തീപിടിച്ചെന്നും തൊഴിലുറപ്പ് തൊഴിലാളികൾ തീയണച്ചപ്പോൾ കുട്ടിയെ അതിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നുമാണ് പിന്നീട് കുടുംബം അറിഞ്ഞത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ യഥാർത്ഥ മരണ കാരണം വ്യക്തമാകുകയുള്ളൂ.