എന്തോന്ന്  വന്ദേ ഭാരത് !യാത്രക്കാർ മാലിന്യമെറിഞ്ഞ നിലയിൽ രാജ്യത്തിന്റെ അഭിമാനമായ അതിവേഗ ട്രെയിനിനുള്ളിലെ കാഴ്ചകൾ

Sunday 29 January 2023 12:02 PM IST

രാജ്യത്തെ റെയിൽ സംവിധാനത്തിന്റെ മുഖച്ഛായ മാറ്റുന്ന സംവിധാനങ്ങളുമായിട്ടാണ് വന്ദേ ഭാരത് അവതരിപ്പിച്ചത്. പത്തിൽ താഴെ വന്ദേ ഭാരത് ട്രെയിനുകൾ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്. വരുന്ന ബഡ്ജറ്റിൽ 400ഓളം വന്ദേ ഭാരത് ട്രെയിനുകൾ പ്രഖ്യാപിക്കുമെന്നും കരുതുന്നു. എന്നാൽ നിലവിൽ സർവീസ് നടത്തുന്ന വന്ദേ ഭാരതിനുള്ളിൽ നിന്നുള്ള ചിത്രം പങ്കുവയ്ക്കുകയാണ് ഐ എ എസ് ഉദ്യോഗസ്ഥനായ അവനീഷ് ശരൺ. യാത്രക്കാർ മാലിന്യം ഉപേക്ഷിച്ച നിലയിൽ വൃത്തിയില്ലാത്ത ബോഗിയുടെ ഉൾവശമാണ് ചിത്രത്തിലുള്ളത്. എന്നാൽ ഏത് റൂട്ടിലോടുന്ന ട്രെയിനാണിതെന്ന് വ്യക്തമല്ല.

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിന്റെ തറയിൽ മാലിന്യം ചിതറിക്കിടക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി. പ്ലാസ്റ്റിക് കുപ്പികൾ, പാത്രങ്ങൾ തുടങ്ങിയവയാണ് ചിതറിക്കിടക്കുന്നത്. ഒരു ശുചീകരണ തൊഴിലാളി വൃത്തിയാക്കാൻ ശ്രമിക്കുന്നതും കാണാം. ജനം അടിസ്ഥാന പൗരബോധം വളർത്തിയെടുക്കുന്നത് വരെ വികസനം കൊണ്ട് പ്രയോജനമില്ലെന്നാണ് ഒരാൾ ചിത്രത്തിന് താഴെ കുറിച്ചത്. മികച്ച അടിസ്ഥാന സൗകര്യങ്ങൾ ജനം ആവശ്യപ്പെടുന്നു, പക്ഷേ നമ്മുടെ രാജ്യത്തെ ആളുകൾക്ക് ഇത് എങ്ങനെ വൃത്തിയായി സൂക്ഷിക്കണമെന്നും പരിപാലിക്കണമെന്നും അറിയില്ലെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.