പാകിസ്ഥാന്റെ അവസ്ഥ ലങ്കയെക്കാൾ മോശമായ നിലയിൽ, കാശിനായി കാലുപിടിച്ച് സർക്കാർ, കുടിവെള്ളംപോലും ഇല്ലാതെ ജനം

Sunday 29 January 2023 1:22 PM IST

കറാച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിൽപ്പെട്ട പാകിസ്ഥാൻ ഒന്നുമില്ലാത്ത അവസ്ഥയിലേക്ക്. ഭക്ഷണത്തിനൊപ്പം ഇന്ധനവും ലഭിക്കാതെ വന്നതോടെ ജനങ്ങൾ കൊടിയ ദുരിതത്തിലാണ്. ആവശ്യത്തിന് കുടിവെളളം പോലും പലയിടങ്ങളിലും കിട്ടുന്നില്ല. രാജ്യത്തെ ഇരുപതുശതമാനം പമ്പുകളിൽ മാത്രമാണ് പെട്രോളും ഡീസലും ശേഷിക്കുന്നത്. ഇതും അധികം വൈകാതെ തീരും. പമ്പുകൾക്ക് മുന്നിൽ വൻ ജനക്കൂട്ടമാണ്. ചിലയിടങ്ങളിൽ ജനങ്ങൾ തമ്മിലടിക്കുന്നതായും റിപ്പോർട്ടുണ്ട്.

അടുത്തമാസം മുതൽ പെട്രോൾ, ഡീസൽ വിലകൾ കാര്യമായ തോതിൽ ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ലിറ്ററിന് 45 രൂപ മുതൽ 80 രൂപ വരെ കൂടുമെന്നാണ് കരുതുന്നത്. വായ്പ ലഭിക്കണമെങ്കിൽ കറൻസി നിരക്കിന്മേലുളള സർക്കാർ നിയന്ത്രണം ഒഴിവാക്കാനും മാർക്കറ്റ് അനുസരിച്ച് നിരക്ക് നിർണയിക്കാനും ഐ എം എഫ് നേരത്തേ പാക് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചതോടെ രൂപയുടെ മൂല്യം കാര്യമായ തോതിൽ ഇടിഞ്ഞിരുന്നു. വില വർദ്ധിപ്പിക്കാൻ ഇതും ഒരു കാരണമായി. വില വൻതോതിൽ കൂട്ടുന്നതോടെ ഉപഭോഗം പരമാവധി കുറയ്ക്കാനാവുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.

3.68 ബില്യൺ ഡോളറിന്റെ വിദേശനാണ്യ കരുതൽ ശേഖരം മാത്രമാണ് പാകിസ്ഥാനിൽ അവശേഷിക്കുന്നത്. മൂന്നാഴ്ചത്തെ ഇറക്കുമതിക്കുപോലും ഇത് തികയില്ല. വിദേശനാണ്യ കരുതൽ ശേഖരം പൂർണമായി ഉപയോഗിച്ചാൽ അത് കൂടുതൽ പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിടും.ഡീസലിന് വില ഉയരുന്നതോടെ വൈദ്യുതിക്കും വൻതോതിൽ വില കൂട്ടേണ്ടിവരും. പാകിസ്ഥാന് ആവശ്യമായ വൈദ്യുതിയുടെ പകുതിയിൽ കൂടുതലും ഉണ്ടാക്കുന്നത് ഡീസൽ നിലയങ്ങളിലൂടെയാണ് എന്നതാണ് ഇതിന് കാരണം. ഐ എം എഫിന്റെ വായ്പ ലഭിച്ചാൽ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കുറച്ചെങ്കിലും പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ നിലവിലെ സ്ഥിതി ഏതാനും മാസങ്ങൾക്കുമുമ്പ് ശ്രീലങ്ക അഭിമുഖീകരിച്ചതിനെക്കാൾ ഭയാനകമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതിനിടെ, ഐഎംഎഫ് പ്രതിനിധി സംഘം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ പാകിസ്ഥാൻ സന്ദർശിക്കും, സന്ദശനം കഴിയുന്നതോടെ വായ്പകൾ കിട്ടിത്തുടങ്ങുമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. നേരത്തേ സഹായിച്ചിരുന്ന അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളാേട് പണം ചോദിച്ചിട്ടുണ്ടെങ്കിലും അവരാരും ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

Advertisement
Advertisement